ചാവക്കാട് : ചരിത്ര പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രമഹോൽസവം വിപുലമായ പരിപാടികളോടെ ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രൊ. സി. ജി വിജയൻ , സെക്രട്ടറി എം. കെ വിജയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് 11 കരകളിൽ നിന്നുള്ള എഴുന്നെള്ളിപ്പുകൾ ക്ഷേത്രാങ്കണത്തിലെത്തി ചേർന്ന് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പിൽ 30 ആനകൾ അണിനിരക്കും.
നാളെ രാത്രി എട്ടിന് കലാമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം, രാത്രി ഒമ്പതിന് പള്ളിവേട്ട, പള്ളിക്കുറുപ്പ് എന്നിവ നടക്കും. ഉത്സവദിനമായ ഞായറാഴ്ച രാവിലെ എട്ടിന് ശീവേലി, 11ന് ഉച്ചപൂജ, കലശാഭിഷേകം എന്നിവ നടക്കും. കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണൻ കുട്ടി ശാന്തി, മേൽശാന്തി എം.കെ.ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകും. ഉച്ചക്ക് 2.30ന് എഴുന്നള്ളിപ്പ് ആരംഭിക്കും. ശങ്കരപുരം പ്രകാശൻമാരാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും, ചേരനെല്ലൂർ ശങ്കരൻകുട്ടി മാരാർ, തിരുവല്ല രാധാകൃഷ്ണൻ, ചൊവ്വല്ലൂർ മോഹനൻ, ഗുരുവായൂർ ശശി എന്നിവർ നേതൃത്വം നൽകുന്ന ചെണ്ടമേളവും ഗുരുവായൂർ മുരളിയുടെ നാദസരവും എഴുന്നള്ളിപ്പിന് അകമ്പടിയാവും. തുടർന്ന് ഉച്ചക്ക് മൂന്ന് മുതൽ വിവിധ കരകളിൽ നിന്നുള്ള എഴുന്നള്ളിപ്പ് ആഘോഷവരവുകൾ പുറപ്പെടും. വൈകീട്ട് 6.30ന് ദീപാരാധന, രാത്രി ഒമ്പതിന് ആറാട്ട് എഴുന്നള്ളിപ്പ്, 10.30ന് ആറാട്ട്, തുടർന്ന് കൊടിയിറക്കൽ എന്നിവ നടക്കും. ദീപാരാധനക്ക് ശേഷം പുഞ്ചിരി വെടിക്കെട്ട് കമ്മറ്റിയുടെ കരിമരുന്ന് പ്രയോഗം ഉണ്ടാവും. ക്ഷേത്ര കമ്മറ്റി വൈസ് പ്രസിഡന്റ് കെ. എ വേലായുധൻ, എ. എസ് രാജൻ, എം. എ രാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.