മൊബൈൽ ഫോണിൽ സംസാരിച്ച്  പുഞ്ചിരി ബസ് ഡ്രൈവർ  അപകടകരമായ രീതിയിൽ വാഹനോടിക്കുന്നതിൻറെ ദൃശ്യം

മൊബൈൽ ഫോണിൽ സംസാരിച്ച് പുഞ്ചിരി ബസ് ഡ്രൈവർ അപകടകരമായ രീതിയിൽ വാഹനോടിക്കുന്നതിൻറെ ദൃശ്യം

ചാവക്കാട്: മൊബൈല്‍ ഫോണില്‍ സംസാരിച്ച് സ്വകാര്യ ബസോടിച്ച ഡ്രൈവർക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. യുവാവ് ബസോടിക്കുന്ന ദൃശ്യം മുൻ സീറ്റിലിരുന്ന സ്ത്രീകളിലൊരാൾ പകർത്തിയത് സോഷ്യല്‍ മീഡിയയിൽ വൈറലായതാണ് സംഭവം പുറത്തറിയാനിടയാക്കിയത്.
കുന്നംകുളം ചാവക്കാട് മല്ലാട് റൂട്ടിലോടുന്ന പുഞ്ചിരി ബസ് ഡ്രൈവർ ചാട്ടുകുളം സ്വദേശി കരുമത്തിൽ സുനിലിനെതിരെയാണ് (23) ചാവക്കാട് എസ്.ഐ എം.കെ രമേഷ് സ്വമേധയാ കേസെടുത്തത്. ഇയാളുടെ ലൈസൻസ് സസ്പെൻറ് ചെയ്യാനുളള നടപടിക്ക് വിധേയമാക്കിയതായി എസ്.ഐ അറിയിച്ചു. കുന്നംകുളം ചാവക്കാട് റൂട്ടിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. മേഖലയിൽ ഏറെ തിരക്കുള്ള നേരത്ത് വലതു കൈ കൊണ്ട് മൊബൈൽ ഫോൺ കാതിനു നേരേ പിടിച്ച് സംസാരിച്ച് ഇടത് കൈകൊണ്ട് ഗിയർ മാറ്റിയും സ്റ്റിയറിങ് നിയന്ത്രിച്ചും ബസ്സോടിക്കുന്നതാണ് ദൃശ്യം. ഡ്രൈവറുടെ നേരെ ഇടത് ഭാഗത്ത് ഇരുന്ന സ്ത്രീകളിലൊരാളാണ് വളരെ രഹസ്യമായി മൊബൈൽ കാമറയിലൂടെ ഈ കാഴ്ച്ച പകർത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ദൃശ്യം നാട്ടിലാകെ പരന്നത് ചാവക്കാട് എസ് ഐക്കും ലഭിച്ചതോടെയാണ് സുനിലിനെതിരെ കേസെടുത്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.