എടക്കഴിയൂർ : സിപിഎം പ്രവർത്തകനു നേരെ വധശ്രമം. നാലംഗസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ അകലാട് സ്വദേശിയായ കണ്ടാണത്ത് മുനീർ (32)നെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അവിയൂരിൽവെച്ചാണ് സംഭവം. മീൻ കച്ചവടക്കാരനായ മുനീർ കുന്നംകുളം മത്സ്യ മാർക്കറ്റിലേക്ക് മീനെടുക്കാൻ ബൈക്കിൽ പോകുന്ന വഴി അവിയൂർ കുരഞ്ഞിയൂർ റോട്ടിൽ വെച്ച് ബൈക്കിലെത്തിയ നാലംഗസംഘം വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. തലക്കും കൈക്കും ഗുരുതരമായ പരിക്കേറ്റ മുനീർ അടുത്തുകണ്ട വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ മുതുവട്ടൂരിലെ രാജാ ആശുപത്രിയിലെത്തിക്കുകയായിരുന്നു, എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് മുനീർപൊലീസിന് മൊഴി നൽകി. എടക്കഴിയൂരിൽ കോഴി കച്ചവടം നടത്തിയിരുന്ന മുനീർ ഒരു മാസമായി മീൻ കച്ചവടം തുടങ്ങിയിട്ട്. ചാവക്കാട് പോലീസ് രാജ ആശുപത്രിയിലെത്തി മൊഴിയെടുത്തു. അന്വേഷണം ആരംഭിച്ചു.