ചാവക്കാട് : മനുഷ്യ നിര്‍മ്മിതമായ കനോലി കനാൽ ചൈനയിലെ വന്‍മതില്‍പോലെ മഹാല്‍ഭുതമാണെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍.
കനോലി കനാല്‍ സംരക്ഷണത്തിൻറെ ഭാഗമായി ഗുരുവായൂര്‍ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ചാവക്കാട് കമ്മിറ്റി പഴയപാലത്തിനു സമീപം സംഘടിപ്പിച്ച ‘കനാല്‍ സഭ’യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
കനോലി കനാല്‍ വന്‍വ്യവസായ മേഖലയായിരുന്നു. കൊച്ചി കഴിഞ്ഞാല്‍ പൊന്നാനിയായിരുന്നു വ്യവസായ മേഖലയിലെ പ്രധാന സ്ഥലം. ബ്രിട്ടനില്‍ നിന്നാണ് വന്‍ തോതില്‍ അരി പൊന്നാനിയില്‍ എത്തിയിരുന്നത്. കനോലി കനാലിലൂടെയാണ് വഞ്ചി മാര്‍ഗം അരിയടക്കമുള്ള സാധനങ്ങള്‍ മറ്റുമാര്‍ക്കറ്റുകളിലേക്ക് എത്തിച്ചിരുന്നത്. ഇന്ന് കനോലി കനാലിന്റെ അവസ്ഥ ദയനീയമാണ്. കനാല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിച്ചാല്‍ കയേറ്റങ്ങള്‍ തടയാനും ഒരു പരിധി വരെ മാലിന്യം സംരക്ഷിക്കാനും കഴിയും. മാത്രമല്ല ജലജീവികളുടെ ആവാസകേന്ദ്രങ്ങളായി കനാല്‍ മാറും. കനോലി കനാലിന്റെ സംരക്ഷണവുമായി ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ യുവജനസംഘടനയായ യൂത്ത് ലീഗ് ‘കനാല്‍ സഭ’യെന്നപേരില്‍ ഒരു ആശയം മുന്നോട്ടുവെച്ചത്. ഇത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് സി.എച്ച് റഷീദ് ‘കനാല്‍ സഭ’ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് വി.എം മനാഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ വി.എം മുഹമ്മദ് ഗസാലി, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് വി.കെ മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ നേതാക്കളായ ടി.കെ ഉസ്മാൻ എടയൂർ, നൗഷാദ് തെരുവത്ത്, വി.പി മൻസൂറലി, ജില്ല പഞ്ചായത്തംഗം ടി.കെ ഐഷ, ഹസീന താജുദ്ധീൻ, പരിസ്ഥിതി പ്രവര്‍ത്തകന്‍ എൻ.ജെ ജയിംസ്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അലി അകലാട്, ട്രഷറര്‍ ഷജീര്‍ പുന്ന, കെ.കെ ഹംസകുട്ടി എന്നിവർ സംസാരിച്ചു. ഉൾനാടൻ മത്സ്യത്തൊഴിലാളികളെ സഭയിൽ ആദരിച്ചു.