ചാവക്കാട്: ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കിയ ഭര്‍ത്താവിന്‍റെ നടപടി  കോടതി റദ്ദാക്കി.
തൊഴിയൂര്‍ സ്വദേശി തോണിയറയില്‍ മുഹമ്മദ് ഫാസിലിനെതിരെ (32) മമ്മിയൂര്‍ കൊങ്ങനം വീട്ടില്‍അബ്ദുല്‍ അസീസിന്‍്റെ മകള്‍ റിസ്വാന (24) നല്‍കിയ ഹര്‍ജിയാലാണ് തൃശൂര്‍ കുടംബ കോടതി ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. അനിവാര്യമായ കാരണങ്ങള്‍ കൂടാതെയുള്ള മുത്വലാഖ് ഇസ്‌ലാമിക നിയമ പ്രകാരം നിലനില്‍ക്കില്ലെന്ന റിസ്വാനയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ത്വലാഖിന് മുമ്പ് ദമ്പതിമാരുടെ വീട്ടുകാര്‍ തമ്മില്‍ പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുദ്ധരിച്ച് 2002ല്‍ ഉത്തര്‍ പ്രദേശ് സ്വദേശി ഷെമീം ആര എന്ന വ്യക്തിയുടെ പരാതിയില്‍ സുപ്രിം കോടതിയുടെ സമാനകേസിലെ വിധിയും കോടതി ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണം കൈപ്പറ്റിയ വകയില്‍ 32.33 ലക്ഷം രൂപയും അടുക്കള കാണല്‍ ചടങ്ങിന് നല്‍കിയ വീട്ടുപകരണങ്ങളുടെ വിലയായ 17,750രൂപയും പോക്കറ്റ് മണിയായി ഫാസില്‍ കൈപ്പറ്റിയ അഞ്ച് ലക്ഷവും ഓര്‍ഡര്‍ നല്‍കിയ ദിവസം മുതല്‍ മുപ്പതു ദിവസത്തിനുള്ളില്‍ ആറ് ശതമാനം പലിശയടക്കം റിസ് വാനക്ക് തിരിച്ചു നല്‍കണമെന്നും കോടതി വിധിച്ചു. ഇതോടൊപ്പം യുവതിക്ക് 7000, മൈനര്‍മാരായ രണ്ട് കുട്ടികള്‍ക്ക് 4000 രൂപ വീതവും നല്‍കണം. ഫാസില്‍, ഫാസിലിന്റെ പിതാവ്, മാതാവ് എന്നിവര്‍ക്കെതിരെയാണ് റിസ് വാന അഡ്വ.സ്മിത ഭരതന്‍ മുഖേന തൃശൂര്‍ കുടുംബ കോടതിയില്‍ പരാതി സമര്‍്പ്പിച്ചത്.
2008ലാണ് ഫാസിലും റിസ് വാനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 145 പവന്‍ സ്വര്‍ണ്ണവും 5 ലക്ഷം രൂപയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയരുന്നു. അടുക്കള കാണല്‍ ചടങ്ങിന് വീട്ടുപകരണങ്ങളും നല്‍കി. ഫാസില്‍ ഗള്‍ഫിലായിരുന്നു. ഫാസിലിന്‍്റെ മാതാപിതാക്കള്‍ നിരന്തരമായി ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്നും ഇതിന് ഫാസില്‍ പിന്തുണ നല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 2014 ആഗസ്റ്റ് 12ന് യാതൊരുവിധ കാരണവുമില്ലാതെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫാസില്‍ മറ്റൊരു വിവാഹവും കഴിച്ചു. അയാള്‍ രേഖാമൂലം അയച്ച ത്വലാഖും റിസ് വാന കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. ജഡ്ജി കെ അനന്ത കൃഷ്ണയാണ് വിധി പ്രസ്ഥാവിച്ചത്. അഭിഭാഷകരായ സ്മിത ഭരതന്‍, കെ.ജെ ടിന, ജെക്സന്‍ ജോസ് എന്നിവര്‍ റിസ് വാനക്കു വേണ്ടി ഹാജരായി.