വെളിയങ്കോട്: വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിൽ രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെയുള്ള പാചകപ്പുര യാഥാർഥ്യമായി. ആദ്യം കരാറുകാരനും പിന്നീട് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തും കൈയൊഴിഞ്ഞതോടെയാണ് സ്കൂൾ പി.ടി.എ., എസ്.എം.സി., എം.ടി.എ. കമ്മിറ്റികളുടെ നേതൃത്വത്തിൽ 1,50,000 രൂപ ചെലവിൽ 350 സ്‌ക്വയർ ഫീറ്റ് വരുന്ന പാചകപ്പുര 24 ദിവസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2018 -19 വാർഷിക പദ്ധതി പ്രകാരം വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് സ്കൂൾ പാചകപ്പുര നിർമാണത്തിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും നിർമാണം നൗഷാദ് എന്ന കരാറുകാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമാണം അനന്തമായി നീളുകയും പലതവണ കരാറുകാരനുമായി പഞ്ചായത്ത് അധികൃതർ സംസാരിച്ചെങ്കിലും നിർമാണം നടത്താൻ സാധ്യമല്ലെന്ന നിലപാടിലായിരുന്നു കരാറുകാരൻ. പിന്നീട് പഞ്ചായത്ത് ഭരണസമിതി കരാർ റദ്ദാക്കുകയും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സ്കൂൾ രക്ഷാകർത്തൃസമിതി ജനകീയമായി നിർമാണം പൂർത്തിയാക്കിയത്. ബുധനാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ പാചകപ്പുര പി.ടി.എ. പ്രസിഡൻറ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ഫാറൂഖ് വെളിയങ്കോട് അധ്യക്ഷനായി. വാർഡംഗം ഷാജിറ മനാഫ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രഥമാധ്യാപകൻ സാജു ചെറിയാൻ, എസ്.എം.സി. വൈസ് ചെയർമാൻ ടി.എ. കുഞ്ഞു, പി.ടി.എ. വൈസ് പ്രസിഡൻറ് ടി.എ. മജീദ്, സീനിയർ അധ്യാപിക ഇ.എം. രജിത, അധ്യാപകൻ ഫൈസൽ, കമ്മിറ്റി അംഗങ്ങളായ ഖലീൽ വലിയിൽ, സി.സി. റഫീഖ്, പി.ആർ.കെ. റസാഖ്, സമീറ, റഹീമ, സാജിത, ഹഫ്സ, ശോഭ, റംഷിയ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിലെ രക്ഷാകർത്തൃസമിതി നിർമിച്ച പാചകപ്പുര പി.ടി.എ. പ്രസിഡൻറ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്യുന്നു