ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍പ്പടിയില്‍ വീട് നിര്‍മ്മാണത്തിന്‍റെ മറവില്‍ പാടം നികത്തുന്നത് പോലീസും റവന്യൂ അധികൃതരും ചേര്‍ന്നു തടഞ്ഞു. നഗരസഭ ആറാം വാര്‍ഡില്‍ മട്ടിക്കര പാടശേഖരത്തിലെ 42 സെന്റ് സ്ഥലം നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമമാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തടഞ്ഞത്. പാടത്ത് നിന്ന് കുഴിയെടുത്ത മണ്ണുപയോഗിച്ച് ചുറ്റുമതില്‍ കെട്ടിയതില്‍ നിറക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. മാസങ്ങളായി നടക്കുന്ന പ്രവര്‍ത്തി നിറുത്തിവെക്കണമെന്ന്  പരിസരവാസികള്‍ ആവശ്യപ്പെട്ടിരുന്നു. എതിര്‍പ്പ് വകവെക്കാതെ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ബി.ജെ.പി പ്രവര്‍ത്തകരെത്തി തടഞ്ഞ് പോലീസിനെയും റവന്യൂ അധികൃതരേയും വിവരം അറിയിക്കുകയായിരുന്നു. തൈക്കാട് വില്ലേജ് ഓഫീസര്‍ പി.രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം സ്ഥലയുടമക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. മണ്ണെടുത്തിരുന്ന ജെ.സി.ബി പിടിച്ചെടുത്ത് പോലസീസിന് കൈമാറി. കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും, വീട് നിര്‍മ്മാണം നിറുത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. മേഖലയില്‍ 20ഓളം പാടങ്ങളും തോടുകളും നികത്താന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. കുടിവെള്ള ക്ഷാമവും വെള്ളകെട്ടും രൂക്ഷമാകുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ നികത്തിയ പാടവും തോടും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.