ഗുരുവായൂര്‍ : നഗരസഭയിലെ നാല്പതിമൂന്നാം വാര്‍ഡ്‌ കാവീട് താമസിക്കുന്ന വിന്‍സെന്റിന്റെ വീട്ടിലേക്കുള്ള പുല്ലും കാടും പിടിച്ചു കിടന്നിരുന്ന വഴി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സഞ്ചാര യോഗ്യമാക്കി. മരത്തില്‍ നിന്നും വീണു ക്ഷതമേറ്റ്  കഴുത്തിനു താഴെ തളര്‍ന്നു കിടക്കുകയാണ് അന്പതുകാരനായ വിന്‍സെന്റ്. റോട്ടില്‍ നിന്നും നൂറു മീറ്ററോളം ചതുപ്പ് നിലത്തിലൂടെ നടന്നു വേണം വിന്‍സെന്റിന്റെ വീടെത്താന്‍. കൂലിപ്പണിക്ക് പോകുന്ന  ഭാര്യ മാത്രമുള്ള ഇയാളെ പരിചചരിക്കാനെത്തിയ ഗുരുവായൂര്‍ എന്‍ ആര്‍ ഐ അസോസിയേഷനു കീഴിലുള്ള സ്നേഹക്കൂട് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് വിസ്ഡം കോളേജ് പൂര്‍വ്വവിദ്യാര്‍ഥികളുടെ സൌഹൃദ കൂട്ടായ്മയുമായി ചേര്‍ന്ന് വീട്ടിലേക്കുള്ള വഴിയും പരിസരവും വൃത്തിയാക്കി നല്‍കിയത്. നഗരസഭാ കൌണ്‍സിലര്‍മാരായ ശ്രീന സുധീഷ്‌, ആന്റോ തോമാസ്, എന്‍ ആര്‍ ഐ അസോസിയേഷന്‍ പ്രസിടണ്ട് ശശി വാര്‍ണാട്ട്, പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ വത്സന്‍ പയ്യപ്പാട്ട്, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരായ നജ്മ, സുബൈദ എം വി, സുല്‍ഫത്ത് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.