ചാവക്കാട്: യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ ചാവക്കാട് പോലീസ് കേസെടുത്തു. സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവും ചാവക്കാട് നഗരസഭ കൗണ്‍സിലറുമായ കെ എച്ച് സലാമിനെതിരേയാണ് ചാവക്കാട് എസ്‌ഐ കെ ജി ജയപ്രദീപ് കേസെടുത്തത്. തിരുവത്ര ചിങ്ങനാത്ത് മുഹമ്മദ് ഷാഫി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. ബ്യൂട്ടീഷ്യന്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് യുവാതിയെ ദുബായിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതികളായ തിരുവത്ര ചിങ്ങനാത്ത് വീട്ടില്‍ അബ്ദുല്‍ സലാം(62), മകന്‍ ഷാനവാസ്(30) എന്നിവര്‍ക്കെതിരെ അബ്ദുല്‍ സലാമിന്റെ ആദ്യ ഭാര്യയിലുള്ള മകനായ മുഹമ്മദ് ഷാഫി രംഗത്തു വന്നിരുന്നു. സിപിഎം നേതാവായ കെ എച്ച് സലാം ഷാഫിയെ മൊബൈല്‍ ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും, വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഹമ്മദ് ഷാഫി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.