ചാവക്കാട്: വാഴയിൽ ഇല കരിച്ചിൽ രോഗം വ്യാപകമായി പടരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു.
പുന്നയൂർ പഞ്ചായത്തിലും , ഗുരുവായൂർ നഗരസഭയിലെ പൂക്കോട് മേഖലയിലും ഓണത്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ നട്ടുണ്ടാക്കിയ വാഴയിലാണ് ഇലകരിച്ചിൽ പടരുന്നത്. വാഴയിലകളിലെ ഹരിതകം നഷ്ടപ്പെടുന്നതിലൂടെ പ്രകാശ സംശ്ലേഷണ തോത് കുറയുന്നതാണ് ഇലകരിയാൻ കാരണമെന്നാണ് ഇത് സംബന്ധിച്ച് പുന്നയൂർ കൃഷി ഓഫീസർ എസ്.സുജീഷിൻറെ അഭിപ്രായം. ഈ രോഗം വിളവു കുറക്കുമെന്നും രോഗം പടരുന്നത് അടിയന്തിരമായി തടയേണ്ടതുണ്ടെന്നും അദ്ദേഹം നിർദ്ദേശിച്ചു. സെർക്കോ സ്പോറ മൂസെ എന്ന ഫംഗസ് മൂലമാണ് രോഗമുണ്ടാകുന്നത്. ഈ ഫംഗസ് വാഴയുടെ ഏറ്റവും അടിഭാഗത്തെ ഇലകളിലാണ് തുടക്കത്തിൽ കാണപ്പെടുന്നത്. ആരംഭത്തിൽ മങ്ങിയ മഞ്ഞ നിറത്തിലോ ചാര, കറുപ്പ് നിറത്തിലോ കാണപ്പെടുന്ന കുത്തുകൾ മഞ്ഞ നിറത്താൽ ചുറ്റപ്പെട്ട ചാര നിറത്താലാണ് ഇലകളിൽ പടരുന്നതെന്ന് സുജീഷ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നിരവധി കുത്തുകൾ ഒരുമിച്ച് ചേർന്നതിനാലാണ് ഇലകൾ കരിഞ്ഞതായി കാണപ്പെടാൻ കാരണം. രോഗം കൂടുതലാകുന്നതോടെ ഇലകൾ തണ്ടൊടിഞ്ഞ് വാഴയോട് ചേർന്ന് നിൽക്കുന്ന അവസ്ഥയിലാകുന്നു. സാധാരണ മഴക്കാലത്താണ് ഇല കരിച്ചിൽ രോഗം അതിൻറെ പാരമ്യാവസ്ഥയിൽ കാണപ്പെടുന്നത്. രോഗത്തിൻറെ ആദ്യഘട്ടത്തിൽ തന്നെ ഒരു ലിറ്റർ വെള്ളത്തിൽ 10 ഗ്രാം സ്യൂഡോ മോണസ് കലക്കി ഇലയുടെ അടിയിൽ വീഴത്തക്ക വിധം തളിക്കുന്നത് രോഗം പടരാതിരിക്കാൽ സഹായിക്കും. രോഗം ബാധിച്ച ഇലകൾ ഉടനെ വെട്ടിയെടുത്ത് കത്തിക്കമെന്നും സുജീഷ് നിർദ്ദേശിച്ചു. രോഗം രൂക്ഷമാകുന്ന അവസ്ഥയിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമോ മൂന്ന് ഗ്രാം മാൻകോസെബ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ അടിയിൽ തട്ടും വിധം തളിക്കണമെന്നും കൃഷി ഓഫീസർ പറഞ്ഞു.