Header

പൊലിവ് കാര്‍ഷിക പുനരാവിഷ്‌ക്കരണ പദ്ധതിക്ക് തുടക്കമായി

ഗുരുവായൂര്‍ : പച്ചക്കറി ഉല്പാദനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തുകയും കൃഷി വകുപ്പിന്റെ നിരവധിപദ്ധതികളും സഹകരണ വകുപ്പിന്റെ സുവര്‍ണ്ണം പദ്ധതിയും ഉപയോഗപ്പെടുത്തി പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനും കഴിഞ്ഞാല്‍ കേരളത്തിന് മഹത്തായ നേട്ടമാകുമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌ക്കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌ക്കരിച്ച പൊലിവ് കാര്‍ഷിക പുനരാവിഷ്‌ക്കരണ പദ്ധതി ജില്ലാതല ഉദ്ഘാടനം ഗുരുവായൂര്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറി ഉല്‍പ്പനങ്ങള്‍ ഇടനിലക്കാരന്റെ ചൂഷണമില്ലാതെ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടി കോര്‍പ്‌സ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലൈറ്റുകള്‍, സിവില്‍ സപ്ലൈസ് പോലെയുള്ള വിവിധ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അതിന് ആവശ്യമായ സഹകരണങ്ങള്‍ സഹകരണ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ വരുമാനം ഉയര്‍ത്തി ക്കൊണ്ട് സ്ത്രീ ശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത് ഉത്തരവാദിത്വങ്ങളും കാര്യക്ഷമമാക്കി നടപ്പിലാക്കുന്നതില്‍ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മാത്യകയാണെന്നും അതിനാല്‍ ക്ഷേമപെന്‍ഷനുകളുടെ വിതരണത്തില്‍ കുടുംബശ്രീ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണം എരുമപ്പെട്ടി പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു കൃഷ്ണന്‍, ഗുരുവായൂര്‍ നഗരസഭ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു, എന്നിവര്‍ക്ക് നല്‍കി മന്ത്രി നിര്‍വ്വഹിച്ചു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌ക്കാരം എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിന്റെ ഉദ്ഘാടനവും വ്യക്ഷതൈകളുടെ വിതരണവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തതയും അയല്‍ക്കൂട്ട ശാക്തീകരണവും ലക്ഷ്യമിടുന്ന പൊലിവ് പദ്ധതിയില്‍ ജില്ലയിലെ 23000 അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ 730 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി 3300 ടണ്‍ ജൈവ പച്ചക്കറി ഓണത്തിന് സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. ശുദ്ധജലം, മാലിന്യസംസ്‌ക്കരണം, വൃത്തിയുള്ള പരിസരം, നല്ല ജീവിതശൈലി, നല്ല ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഞ്ചശീല കാര്‍ഷിക ആരോഗ്യസംസ്‌ക്കാരം വളര്‍ത്തുക എന്നതാണ് പൊലിവ് പ്രചാരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ അയല്‍ക്കൂട്ടവും മൂന്ന് സെന്റ് സ്ഥലത്ത് കൃഷി നടത്തുകയും അയല്‍ക്കൂട്ട വീടുകളില്‍ രണ്ട് ഫലവ്യക്ഷതൈകളും കറിവേപ്പിന്‍ തൈകളും നട്ടുകൊണ്ട് സ്വയം പര്യപ്തത നേടുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക അഭിരുചിയും പ്രക്യതി സ്‌നേഹവും കുട്ടികളില്‍ വളര്‍ത്തുന്നതിനായി ബാലസഭ അംഗങ്ങളെയും പങ്കാളികളാക്കിയാണ് പൊലിവ് നടത്തുന്നത്.
ഗുരുവായൂര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി വിനോദ്, ജില്ലാ പഞ്ചായത്ത് ക്ഷേമക്കാര്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി, ഗുരുവായൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യര്‍, ആര്‍.വി അബ്ദുള്‍ മജീ്ദ്, നിര്‍മ്മല കേരളന്‍, എം.രതി എന്നിവര്‍ സംസാരിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ പി അബ്ദുള്‍ മജീദ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഷീല കാറളം, അലോപതി ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ ഷീജ, അസിസ്റ്റന്റ് ഡയറ്ക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചറര്‍മാരായ കെ.ജെ ഒനില്‍, സബിത, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ എന്‍ സതീഷ് കുമാര്‍ എന്നിവര്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തെ സംബന്ധിച്ച് അവതരണം നടത്തി. പഞ്ചശീല കാര്‍ഷിക ആരോഗ്യസംസ്‌ക്കാരം എന്ന വിഷയത്തില്‍ മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസര്‍ ഡോ ഗീതകുട്ടി ക്ലാസ്സെടുത്തു. ഗുരുവായൂര്‍ നഗരസഭ അധ്യക്ഷ പ്രൊഫസര്‍ പി.കെ ശാന്തകുമാരി സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ പി.എം ഹംസ നന്ദിയും പറഞ്ഞു.

thahani steels

Comments are closed.