പുന്നയൂർ: പുന്നയൂർ പഞ്ചായത്തിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് സ്ത്രീകളെ പ്രാപ്ത്തരാക്കുന്നതിന്റെ ഭാഗമായി വനിത ശിശു ക്ഷേമ വകുപ്പിന്റെ നിർദ്ദേശാനുസരണം നടന്നുവരുന്ന രാത്രി നടത്തത്തിന്റെ ഭാഗമായാണ് ‘സധൈര്യം മുന്നോട്ട്’ എന്ന ആഹ്വാനവുമായി പുന്നയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചത്.
വനിത പഞ്ചായത്ത് അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ അടക്കം നൂറോളം പേർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ മന്നലാംകുന്ന്, വെട്ടിപ്പുഴ, തേക്കിനിയേടത്തുപടി, കുരഞ്ഞിയൂർ, എടക്കഴിയൂർ, അകലാട് എന്നിവടങ്ങളിൽ നിന്ന് രാത്രി ഒമ്പതിന് തുടങ്ങിയ നടത്തം പതിനൊന്നിന് എടക്കര പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമാപിച്ചു. ശേഷം അംഗ ങ്ങൾ മെഴുകുതിരി തെളിയിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗങ്ങളായ സീനത്ത് അഷ്‌റഫ്, സുഹറ ബക്കർ, ആശ രവി, ഷാജിത അഷ്‌റഫ് എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ ആരതി കൃഷ്ണ സ്വാഗതം പറഞ്ഞു.