പുന്നയൂർ: കോവിഡ് സ്ഥിരീകരിച്ച രോഗി ആരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നതിനെ തുടർന്ന് ഡോക്ടർമാരെല്ലാം ക്വാറന്റയിനിൽ പോയി. നാളെ ഒരു ഡോക്ടർ പുതുതായി ചാര്ജെടുത്തേക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
കോവിഡ് 19 കേസ് സ്ഥിരീകരിച്ചിട്ടുള്ള പുന്നയൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിൽ എട്ട് ഒഴിവുകളാണുള്ളതെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ പറഞ്ഞു. മാസങ്ങളായി ഹെൽത്ത് ഇൻസ്‌പെക്ടർ ഇല്ല. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ചാർജ് കൊടുത്തിരിക്കുകയാണ്. കൂടാതെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഒന്ന്, പബ്ലിക് ഹെൽത്ത് നഴ്സ് ഒന്ന്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒന്ന്, ഓഫീസ് അസിസ്റ്റന്റ് ഒന്ന്, ലാബ് ടെക്നീഷ്യൻ ഒന്ന്, സ്റ്റാഫ് നഴ്‌സ് രണ്ട് എന്നീ ഒഴിവുകളാണുള്ളത്. പ്രസ്തുത ഒഴിവുകൾ പല തവണ റിപ്പോർട്ട് ചെയ്തിട്ടും നികത്താൻ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ലെന്നും ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
കോവിഡ് സ്ഥിരീകരിച്ച വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഫോൺ ചെയ്തിട്ടും ഡി.എം.ഒ ഫോൺ എടുത്തില്ലെന്നും പ്രസിഡന്റ് പറഞ്ഞു.