ഗുരുവായൂര്‍: ദേവസ്വത്തിന്റെ മത ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന വായനദിനാചരണത്തിന്റെ ഭാഗമായി പത്മശ്രീ പെപിതാ സേത്തുമായുള്ള കോളജ് വിദ്യാര്‍ത്ഥികളുടെ സംവാദം ശ്രദ്ധേയമായി. എല്‍.എഫ് കോളജിലേയും ശ്രീകൃഷ്ണ കോളജിലേയും വിദ്യാര്‍ത്ഥികളാണ് സംവാദത്തിലേര്‍പ്പെട്ടത്. പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ആചരണം 2 ദിവസം പിന്നിട്ടു. ആഘോഷങ്ങളുടെ ഭാഗമായുള്ള പത്രവാര്‍ത്തകള്‍, ചിത്രങ്ങള്‍, താളിയോലകള്‍ എന്നിവയുടെ പ്രദര്‍ശനത്തിന് ഇന്നലെ തുടക്കമായി. മുരളി പുറനാട്ടുകരയുടെ പ്രാര്‍ത്ഥനയോടെയായിരുന്നു തുടക്കം. മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.കുഞ്ഞുണ്ണി, കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, വി.പി ഉണ്ണികൃഷ്ണന്‍, ഗിരിജാചന്ദ്രന്‍, എം. രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കെ.യു.കൃഷ്ണകുമാറാണ് പത്മശ്രീ പെപിതാ സേത്തിനെ സംവാദ സദസ്സിന് പരിചയപ്പെടുത്തിയത്. കിഴക്കെനടയിലെ വൈജയന്തി കെട്ടിടത്തിലാണ് പ്രദര്‍ശനം.
നാളെ രാവിലെ 11ന് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ് ഉദ്ഘാടനം ചെയ്യും. കലക്ടര്‍ വി.രതീശന്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ പെപിത സേത്ത്, നിരൂപകന്‍ പ്രഫ.കെ.പി ശങ്കരന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയയുടെ ചിത്രകലാപുരസ്‌ക്കാരം ലഭിച്ച കെ.യു.കൃഷ്ണകുമാറിനെയും ചടങ്ങില്‍ ആദരിക്കും.