പുന്നയൂര്‍ക്കുളം: പരൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
ആറ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആറ്റുപുറം വാളത്തില്‍ വളപ്പില്‍ വീട്ടില്‍ അംജിഷ് ഹരിദാസനെയാണ് (25) വടക്കേക്കാട് അഡീഷണല്‍ എസ്.ഐ ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചമ്മന്നൂര്‍ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന പട്ടിക്കര കണ്ണന്‍, ജിജി, അനന്ദന്‍, സന്ദീപ് ആറ്റുപുറം, സുമേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പിടിയിലായ അംജിഷ് ആറാം പ്രതിയാണ്. ഇയാളെ വടക്കാഞ്ചേരി കോടതി റിമാന്റ് ചെയ്തു.
ആറ്റുപുറം പരൂര്‍ പൊതുശ്മശാനം റോഡില്‍ വീട്ടിലായില്‍ സുലൈമാന്‍ ഹാജിയുടെ മകന്‍ സാബിറിന്റെ (19) വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിനു നേരെ ഇഷ്ടികകള്‍ എറിഞ്ഞാണ് ആക്രമണം. രണ്ട് ഭാഗത്തെ ജനലുകളുടെ രണ്ട് പാളികളിലെ ചില്ലുകളാണ് ഉടഞ്ഞ് വീണത്. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രണണത്തിനു കാരണം. നിയമ വിരുദ്ധമായി മാരാകായുധങ്ങള്‍ കൈവശം വെച്ച് സംഘം ചേര്‍ന്ന് സാമുദായിക സ്പര്‍ദ്ധയുണ്ടാക്കി നാട്ടിലെ സമാധാനം ഭംഗം വരുത്താന്‍ ശ്രമിച്ചുവെന്നതാണ് ഇവരില്‍ നാല് പേര്‍ക്കെതിരെയുള്ള കേസ്.