പാലയൂർ : റഷ്യൻ, അമേരിക്കൻ ഓർത്തോഡോക്‌സ് സഭകളിലെ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പാലയൂർ മാർതോമ അതിരൂപത തീർഥകേന്ദ്രം
സന്ദർശിക്കാനെത്തി. ക്രിസ്തു ശിഷ്യനായ മാർ തോമാസ്‌ളീഹായുടെ സന്ദർശനത്താൽ
പവിത്രമായ പാലയൂരിലെ സന്ദർശനം വിദേശ ബിഷപ്പുമാരടങ്ങിയ സംഘത്തിന്
അവിസ്മരണീയമായ അനുഭവമായിരുന്നു. ഹോളി സിനഡ് സെക്രട്ടറിയും കാലിഫോർണിയ ബിഷപ്പുമായ ഡോക്ടർ മാർ അവ്വ റോയൽ, റഷ്യൻ ഓർത്തോഡോക്‌സ് ചർച്ചിന്റെ ബിഷപ്പ് കെ്‌ളമണ്ട്‌ കൽദായ സുറിയാനി സഭയുടെ ബിഷപ്പ് മാർ ഔഗിൻ കുരിയാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പാലയൂരിലെത്തിയത്.
ചിക്കാഗോയിലെ ജോർജ് തോമ കോറേപിസ്‌കോപ, റഷ്യൻ ഓർത്തോഡോക്‌സ് ചർച്ചിലെ
ഫാദർ സെ്റ്റഫാൻ, കാലിഫോർണിയായിലെ ഫാദർ എഫ്‌റ്രേം,  റഷ്യയിലെ റോണോൾഡ്,
ഫാദർ ജാക്‌സ് ചാണ്ടി, ഫ്രെഡി ഡോൺ ഡേവീസ്, സെർഗൈ തുടങ്ങിയവരാണ്
സംഘത്തിലുണ്ടായിരുന്നത്.
റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള സംഘത്തിലെ ബിഷപ്പുമാർ ആദ്യമായാണ് പാലയൂർ തീർഥകേന്ദ്രത്തിലെത്തുന്നത്.
തൃശൂരിൽ നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇവർ
കേരളത്തിലെത്തിയത്. പാലയൂരിലെത്തിയ സംഘം കുരിശടിയിലെ വിളക്കുകളിൽ
തിരിതെളിയിച്ച് ദേവാലയത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് പ്രാർഥന നടത്തി.
മാർതോമാസ്‌ളീഹായുടെ വിശുദ്ധ തിരുശേഷിപ്പിനെ വണങ്ങി. ബോട്ടുകുളം,
തളിയകുളം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും, ചരിത്ര മ്യൂസിയവും സംഘം കണ്ടു.
പാലയൂരിന്റെ ചരിത്രം സംഘാംഗങ്ങൾ സാകൂതം കേട്ടു മനസിലാക്കി.
രണ്ടായിരത്തിലേറെ പഴക്കമുള്ള സ്മാരകങ്ങൾ പാലയൂരിൽ ഇന്നും സംരക്ഷിച്ചു വരുന്നതിനെ ബിഷപ്പുമാർ അഭിനന്ദിച്ചു. തീർഥകേന്ദ്രം റെക്ടർ ഫാദർ വർഗീസ് കരിപ്പേരി, ട്രസ്റ്റിമാരായ സി പി ജോയ്, ജോസ് വടുക്കൂട്ട്, കെ ടി വിൻസെന്റ്, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ഇ എം ബാബു, സെക്രട്ടറി പിയൂസ് ചിറ്റിലപ്പിള്ളി, ഇ എഫ് ആന്റണി, സി എം ജസ്റ്റിൻ ബാബു, സി കെ ആന്റണി, ദേവസി ചൊവ്വല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ
സ്വീകരിച്ചു.