നടപടിയുണ്ടായില്ലെങ്കില്‍  കുടുംബ സമേതം നിരാഹാരം

ചാവക്കാട് : പ്രശ്ന പരിഹാരത്തിനു ശ്രമിക്കുമെന്ന് പോലീസ് ഉറപ്പു നല്‍കി, സാദലി നിരാഹാരം അവസാനിപ്പിച്ചു. തിരുവത്ര ജുമാഅത്ത് കമ്മിറ്റി ഭരണത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനൈക്യത്തിനെതിരെ പ്രവാസിയായ തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലി അഞ്ചു ദിവസമായി നടത്തി വന്ന നിരാഹാര സമരമാണ് ചാവക്കാട് എസ് ഐ ജയപ്രദീപ്‌ നല്‍കിയ ഉറപ്പില്‍   ഇന്ന് ഉച്ചക്ക് ഒന്നരമണിയോടെ   അവസാനിപ്പിച്ചത്. തൊണ്ണൂറ്റി ഏഴു വയസ്സുകാരനായ പിതാവ് അബ്ദുട്ടി സമരപ്പന്തലിലെത്തി സാദലിക്ക്   വെള്ളം നല്‍കി

മൂന്നു ദിവസത്തിനകം തിരുവത്ര മഹല്ലിലെ ഇരു കമ്മിറ്റി ഭാരവാഹികളെയും പൌര പ്രമുഖരെയും ഉള്‍പ്പെടുത്തി ചാവക്കാട് പോലീസ് സ്റ്റേഷനില്‍ യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് എസ് ഐ ജയ പ്രദീപ്‌ സാദലിക്കും മഹല്ല് നിവാസികള്‍ക്കും ഉറപ്പ് നല്‍കി.
ഇന്നലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ സാദലിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നും ആരോഗ്യവിഭാഗം സമരപ്പന്തലില്‍ എത്തിയിരുന്നു. സാദലിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ്‌ ചാവക്കാട് പോലീസ് ആമ്പുലന്സുമായി പുതിയറയിലെ സമരപ്പന്തലിലെത്തിയത്. എന്നാല്‍ ഒരു തീരുമാനമാവാതെ എവിടെക്കുമില്ലെന്നും നിരാഹാരം തുടരുമെന്നുമുള്ള നിലപാടില്‍ സാദലി ഉറച്ചു നിന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സ്റ്റേഷനില്‍ യോഗം വിളിച്ചു ചേര്‍ക്കാമെന്നു എസ് ഐ ഉറപ്പ് നല്‍കുകയായിരുന്നു.
മൂന്നു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ഇനി നിരാഹാരമിരിക്കുന്നത് കുടുംബ സമേതം ആയിരിക്കുമെന്ന് സാദലി പറഞ്ഞു. ക്ഷീണിതനായ സാദലിയെ പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഷീര്‍ ഫൈസി ദേശമംഗലം,    ഇ എം മുഹമ്മദാലി, നാസര്‍ ഫൈസി, നൌഷാദ് തെക്കുംപുറം തുടങ്ങിയവര്‍ ഇന്ന് സാദലി യെ സന്ദര്‍ശിച്ചിരുന്നു. സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാവിലെ മഹല്ല് നിവാസികളുടെ കുത്തിയിരിപ്പ് സമരവും ഉണ്ടായിരുന്നു.