ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ കുരഞ്ഞിയുര്‍ പ്രദേശത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്കായി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. കുടത്ത വരള്‍ച്ചയെ തുടര്‍ന്നും കുടിവെള്ള ക്ഷാമത്തെ തുടര്‍ന്നും സി എന്‍ ജയദേവന്‍ എംപിയുടെ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിക്ക് സര്‍ക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചതോടെ പ്രദേശവാസികളില്‍ പ്രതീക്ഷ ഉണരുകയാണ്. കുരഞ്ഞിയൂര്‍ പ്രദേശത്തുള്ള കടാന്തോട് ഫാമിലി ട്രസറ്റ് സൗജന്യമായി നല്‍കിയ വലിയ കിണറോടുകൂടിയ സ്ഥലം ലഭിച്ചതോടെയാണ് എംപി ഫണ്ടില്‍ നിന്നും പദ്ധതിയുടെ ചിലവിലേക്കായി 25 ലക്ഷം രൂപ അനുവദിച്ചത്. പദ്ധതി നടത്തിപ്പ് ചുമതല ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിനാണ്. എത്രയും വേഗം പദ്ധതി പൂര്‍ത്തിയാകുമെന്നുള്ള പ്രതീക്ഷയിലാണ് കോളനി നിവാസികള്‍.