ചാവക്കാട്: ശക്തമായ കടല്‍ ക്ഷോഭ സാധ്യത നിലനില്‍ക്കുമ്പോള്‍ ബ്ളാങ്ങാട് ബീച്ച് സന്ദര്‍ശിക്കാനത്തെുന്ന യുവതീ യുവാക്കള്‍ കടലിലിറങ്ങി കുളിക്കുന്നത് വന്‍ദുരന്തത്തിനു വഴിവെക്കുമെന്ന് നാട്ടുകാര്‍.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തമിഴ്നാട് തീരത്തേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ 50 – 60 കിലോമീറ്റര്‍ വേഗത്തില്‍ കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പുണ്ടായിട്ടും ബ്ളാങ്ങാട് കടപ്പുറത്ത് കടലില്‍ ഇറങ്ങിക്കുളിക്കുന്നവരെ നിയന്ത്രിക്കാന്‍ ആരുമില്ലാത്തത് ദുരന്തത്തിന് വഴിവെച്ചേക്കും. സ്കൂള്‍ അവധിക്കാലമായതിനാല്‍ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ബ്ലാങ്ങാട് ബീച്ചിലെത്തെുന്നത്. കടപ്പുറത്ത് വന്ന സ്ഥിതിക്ക് കാല്‍ നനക്കാനും ഒന്നു കുളിക്കാനും താല്‍പ്പര്യം പ്രകടിപ്പിച്ചാണ് യുവതീ യുവാക്കള്‍ കൈക്കുഞ്ഞുങ്ങളേയും പിടിച്ചിറങ്ങുന്നത്. ഇവര്‍ പലപ്പോഴും കടലില്‍ അരയോളം താഴ്ച്ചയിലാണ് ഇറങ്ങുന്നത്. മുതിര്‍ന്നവരാകട്ടെ തിരകള്‍ വന്നടിച്ച് ചിതറുന്ന ഭാഗത്താണ് കളിക്കുന്നത്.
ചൊവ്വാഴ്ച്ച ചേറ്റുവ ഉള്‍പ്പടെ തെക്കന്‍മേഖലയില്‍ കഴിഞ്ഞ ദിവസം രൂക്ഷമായ വേലിയേറ്റമുണ്ടായിരുന്നു. ഇതിന്‍്റെ ഭാഗമായി ചാവക്കാട് മേഖലയിലും കുറഞ്ഞ വേലിയേറ്റം കഴിഞ്ഞ ദിവസമുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത· 48 മണിക്കൂര്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന ജാഗ്രതാനിര്‍ദേശവും ബുധനാഴ്ച്ച അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മേയ് 19 വരെ സംസ്ഥാന വ്യാപകമായി കനത്ത മഴ ലഭിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകളും കടലിന്‍്റെ സ്വഭാവവും അറിയാതെ ദൂരെ കിഴക്കന്‍മേഖലയില്‍ നിന്നെത്തുന്നവരാണ് ഇപ്പോഴും കടലിലിറങ്ങിക്കുളിക്കുന്നത്. എല്ലാ മുന്നറിയിപ്പും നിലനില്‍ക്കേ ബുധനാഴ്ച്ച വൈകുന്നേരവും യുവതീ യുവാക്കള്‍ നീന്തിക്കുളിക്കാനായി കടലിലിറങ്ങി. എന്നാല്‍ തീരത്ത് തന്നെ യൂണിഫോമണിഞ്ഞ ഗാര്‍ഡ് ഇതെല്ലാം നോക്കി നില്‍ക്കുകയല്ലാതെ ആരേയും വിലക്കാന്‍ ശ്രമിച്ചില്ല. അപകടമുണ്ടായാല്‍ പെട്ടെന്ന് രക്ഷപെടുത്താനുള്ള സുരക്ഷാ ഉപകരണങ്ങള്‍ പോലുമില്ലാത്ത സ്ഥിതിയാണ് നിലവില്‍. കടലിലിറങ്ങുന്നത് അപകടമാണെന്ന് അറിയിച്ച് നേരത്തെ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും ഇപ്പോള്‍ കടപ്പുറത്ത് കാണാനില്ല. അഞ്ചും ആറും വയസ്സുള്ള കുട്ടികള്‍ പോലും കടലിലിറങ്ങിക്കുളിക്കുന്നത് നോക്കി നില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമറിയില്ല ഏത് സമയത്തും ശക്തമാകാവുന്ന തിരമാലകളുടെ രൗദ്ര ഭാവം.