തൊഴിയൂര്‍ : തൊഴിയൂരില്‍ പുലിയെ തിരഞ്ഞെത്തിയ ഫോറസ്റ്റുകാര്‍ കണ്ടത് കുറുക്കന്റെ കാല്‍പ്പാടുകള്‍. വ്യാഴാഴ്ച രാത്രി 11-ഓടെയാണ് പുലിയിറങ്ങിയിട്ടുണ്ടെന്ന് പ്രചാരണമുണ്ടായത്. തൊഴിയൂര്‍ ഐ.സി.എ.കോളേജ് പാടത്തെ പൊന്തക്കാടുകള്‍ക്കിടയിലൂടെ പുലിയനക്കം കണ്ടുവെന്നായിരുന്നു പ്രചരിച്ചത്. നാട്ടുകാരും ഗുരുവായൂരില്‍നിന്ന് രണ്ടു വണ്ടി പോലീസും അര്‍ധരാത്രിയോടെ സ്ഥലത്തെത്തി. ഇക്കാര്യം സമൂഹികമാധ്യമങ്ങള്‍ വഴിയും കൈമാറി. വെള്ളിയാഴ്ച രാവിലെ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലുള്ള നാലുപേരടങ്ങുന്ന സംഘം തൊഴിയൂരിലെത്തി. സ്ഥലം മുഴുവന്‍ അരിച്ചുപ്പെറുക്കി. ഇവിടെ പുലിയിറങ്ങാനുള്ള സാധ്യതകളൊന്നുമില്ലെന്ന നിഗമനത്തിലെത്തി. തിരച്ചിലിനിടയില്‍ കണ്ട കാല്‍പ്പാടുകളില്‍ കുറുക്കന്റേതാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അഭിപ്രായം. കുറുക്കന്‍മാരുടെ ശല്യമുള്ള പ്രദേശവുമാണത്. ആരും പരിഭ്രമിക്കേണ്ടതില്ലെന്ന് സമാധാനപ്പെടുത്തിയായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.