ചാവക്കാട് : വായനയുടെ പുതിയ മാനങ്ങള്‍ തുറന്നു വെച്ചുള്ള മഴവില്‍ ക്ലബിന്റെ പുസ്തക സഞ്ചാരം നാളെ രണ്ടു കേന്ദ്രങ്ങളില്‍ നിന്നും പ്രയാണമാരംഭിക്കും. വായനയുടെ മാരിവില്ല് എന്ന തലവാചകത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് എസ് എഫിന്റെ പ്രസിദ്ദീകരണ വിഭാഗമായ ഐ പി ബി ബുക്‌സാണ് പുസ്തക സഞ്ചാരം നടത്തുന്നത്. കാസര്‍കോട് മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃശൂര്‍ ചാവക്കാട് ഐ ഡി സി ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് രാവിലെ 9 മണിക്ക് ഉദ്ഘാടനങ്ങള്‍ നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലൂടെ 45 ദിവസത്തെ പ്രയാണത്തിനു ശേഷം ഫെബ്രുവരി 29 ന് തിരുവനന്തപുരം വിഴിഞ്ഞത്തും വയനാട്ടിലെ കല്‍പറ്റയിലും ഇരു സഞ്ചാരങ്ങളും സമാപിക്കുന്നതാണ്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരെ പ്രധാനമായും ലക്ഷ്യമാക്കിയാണ് സഞ്ചാരം സംഘടിപ്പിക്കുന്നത്.വായന മരിക്കുന്നു എന്ന മുറവിളിക്കു മുമ്പില്‍ പുതിയ കാല്‍വെപ്പാണ് കേരളത്തിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന മഴവില്‍ ക്ലബ് ഏറ്റെടുത്തിരിക്കുന്നത്. പുസ്തക സഞ്ചാരത്തിന്റെ ഭാഗമായി 2 ലക്ഷം വിദ്യാര്‍ഥികളിലേക്ക് വായനയുടെ മഹത്വത്തെ ബോധ്യപ്പെടുത്തുന്നതാണ്. ഇരുപത് പ്രസിദ്ധീകരണ വിഭാഗങ്ങളുടെ കാല്‍ ലക്ഷം പുസ്തകങ്ങളാണ് സഞ്ചാരത്തിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 100 സ്‌കൂളുകളില്‍ സഞ്ചാരത്തിന് സ്വീകരണം നല്‍കുന്നതാണ്. 50 നഗരങ്ങളില്‍ പുസ്തക പ്രകാശനവും വില്‍പനയും ക്രമീകരിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ പുസ്തക സഞ്ചാരത്തിന്റെ ഭാഗമായി പുസ്ത ചര്‍ച്ച, കവിയരങ്ങ്, ക്വിസ് മത്സരം, കഥ-കവിത-ഉപന്യാസ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
ചാവക്കാട് പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രനും കാസര്‍കോട് പ്രശസ്ത കവി വീരാന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും. പുസ്തക സഞ്ചാരം നാളെയും മറ്റന്നാളും ചാവക്കാട് എെ ഡി സി സ്ക്കൂളിലും ജനുവരി 6, 7 ദിവസങ്ങളില്‍ ബ്രാലം ഉമരിയ സ്ക്കൂളിലും ജനുവരി 8, 9, 10 ദിവസങ്ങളില്‍ കേച്ചേരി മമ്പഉല്‍ ഹുദ സ്ക്കൂളിലും നടക്കും.
നാളെ ചാവക്കാട് എെ ഡി സി സ്ക്കൂളില്‍ നിന്ന് തുടങ്ങുന്ന പുസ്തക സഞ്ചാരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി എ പി അശ്ഹര്‍ അദ്ധ്യക്ഷത വഹിക്കും. എെ പി ബി (ഇസ്ലാമിക് പബ്ലീഷിങ്ങ് ബ്യൂറോ ) ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് വിഷയാവതരണം നടത്തും. കെ കെ മുഹമ്മദ് മുസ്ലിയാര്‍, ടി എ അലി അക്ബര്‍, പെരിങ്ങാട് ഹുസൈന്‍ ഹാജി, എടക്കഴിയൂര്‍ ജഅഫര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. ബ്രാലം ഉമരിയയിലും കേച്ചേരി മമ്പഉല്‍ ഹുദയിലും എത്തുന്ന പുസ്തക സഞ്ചാരത്തിന്‍റെ സ്വീകരണ ചടങ്ങില്‍ പ്രാസ്ഥാനിക നേതാക്കള്‍, സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.