ചാവക്കാട് : പോലീസ് സേ്റ്റഷന്‍ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ തോക്കും റൈഫിളും കണ്ട് ത്രില്ലടിച്ചു. ലോക്കപ്പ് കാലിയായത് കണ്ട് അല്പം നിരാശയും. അരമണിക്കൂറിലധികം നേരം ചാവക്കാട് പോലീസ് സേ്റ്റഷനില്‍ ചെലവഴിച്ച വിദ്യാര്‍ത്ഥികളില്‍ പെണ്‍കുട്ടികളടക്കം പലര്‍ക്കും ഭാവിയില്‍ പോലീസായാല്‍ മതിയന്നാഗ്രഹം. പാലയൂര്‍ മാര്‍തോമ അതിരുപത തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന വേനല്‍തുമ്പികള്‍ എന്ന വിനോദ വിജ്ഞാന ശിബിരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് പഠന വിനോദ യാത്രയുടെ ഭാഗമായി ചാവക്കാട് പോലീസ് സേ്റ്റഷനിലെത്തിയത് . എസ് .ഐ എം. കെ. രമേഷ് സേ്റ്റഷന്‍ കാണാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിരുന്നു. അഡീഷണല്‍ എസ്. ഐ. പി. കെ. ദാസ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ര്‍ അനില്‍ മാത്യു എന്നിവരാണ് വിദ്യാര്‍ത്ഥികളുമായി ആദ്യം സംഭാഷണത്തില്‍ ഏര്‍പ്പെട്ടത് . ഗൗരവമേറിയ ചോദ്യങ്ങള്‍ക്കും കുസ്യതി ചോദ്യങ്ങള്‍ക്കും തന്‍മയത്തത്തോടെ മറുപടി നല്‍കി ഇരുവരും വിദ്യാര്‍ത്ഥികളെ കയ്യിലെടുത്തു. സീനിയര്‍ സി.പി.ഒ. പി. വി. അബ്ദുള്‍ സലാം തോക്കുകള്‍, പിസ്റ്റലുകള്‍, ബുള്ളറ്റുകള്‍, ബയണറ്റ് തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. സി പി ഒ മിനിയും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
കോടതി, താലൂക്ക് ആശുപത്രി, റെയില്‍വെ സേ്റ്റഷന്‍, ചാവക്കാട് മിനി സിവില്‍ സേ്റ്റഷനിലെ സബ് ട്രഷറി, വിദ്യാഭ്യാസ ഓഫീസുകള്‍, വാണിജ്യ നികുതി ഓഫീസ്, സപൈ്‌ള ഓഫീസ്, ഗുരുവായൂര്‍ റെയില്‍വേ സേ്റ്റഷന്‍, ചാവക്കാട് ബീച്ച്, മുനക്കകടവ് അഴിമുഖം, തൊട്ടാപ്പ് ലൈറ്റ് ഹൗസ് , കനോലി കനാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. പാലയൂര്‍ തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ , സഹവികാരി ഫാ. ജിന്റോ കുറ്റിക്കാട്ട്, ചാവക്കാട് നഗരസഭ കൌണ്‍സിലര്‍ ജോയസി ആന്റണി, ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂള്‍ പ്രധാന അധ്യാപിക ബീന ബാബു, പാലയൂര്‍ മതബോധനം സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ ഇ എഫ് ആന്റണി, ജോസ് വടുക്കൂട്ട്, ഇ എം ബാബു എന്നിവര്‍ നേതൃത്വം നല്‍കി.