ചാവക്കാട്: കടലോരഭൂമി കയ്യേറ്റം രൂക്ഷമായ തീരമേഖലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസത്തിനിടെ വൈദ്യുതി കണക്ഷന്‍ എടുത്തവരുടെ പട്ടിക നല്‍കാന്‍ നിര്‍ദ്ദേശം. ശനിയാഴ്ച ചേര്‍ന്ന ചാവക്കാട് താലൂക്ക് വികസന സമിതി യോഗത്തിലാണ് തഹസില്‍ദാര്‍ എം.ബി. ഗിരീഷ് കെ.എസ്.ഇ.ബി അധികൃതരോട് പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചത്. പുന്നയൂര്‍ പഞ്ചായത്തിന്റെ കടലോരത്ത് അനധികൃതമായി ഭൂമി കയ്യേറി വീട് നിര്‍മ്മിക്കുന്ന ഭൂമാഫിയ സജീവമാണെന്ന് കഴിഞ്ഞ മാസം തഹസില്‍ദാര്‍ നിയമിച്ച അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. താലൂക്ക് വികസന സമിതി യോഗങ്ങളില്‍ തുടര്‍ച്ചയായി ചര്‍ച്ച ചെയ്ത വിഷയമായിരിന്നിട്ടും പുന്നയൂര്‍ പഞ്ചായത്തിന്റെ കടലോരത്തെ പുറംമ്പോക്ക് ഭൂമിയില്‍ ഇപ്പോഴും അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുകയാണെന്ന് പി.മുഹമ്മദ് ബഷീര്‍ യോഗത്തില്‍ ആരോപിച്ചു. രാഷ്ട്രീയ പാര്‍്ട്ടികളുടെ ഒത്താശയോടെ നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ താലൂക്ക് വികസന സമിതി യോഗത്തിന് കഴിയുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ റവന്യു അധികൃതര്‍ക്ക് ചെയ്യാവുന്നതിനേക്കാള്‍ കുടുതല്‍ പഞ്ചായത്തിന് ചെയ്യാനാവും. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ഇതിന് തയ്യാറാവുന്നില്ലെന്ന് മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ മൂന്നു  മാസത്തിനിടെ കടലോരത്തെ പുറംമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി നല്‍കിയ വൈദ്യുതി കണക്ഷന്‍ എടുത്തവരുടെ പട്ടിക തയ്യാറാക്കാന്‍ തഹസില്‍ദാര്‍ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടത്.