ഗുരുവായൂര്‍ : ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യൂതി ട്രാന്‍സ്‌ഫോര്‍മറും മതിലും ഇടിച്ചു തകര്‍ത്തു. ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചേലക്കര വടുതല മണക്കോട്ട് വീട്ടില്‍ രാജീവ്, ഇടുക്കി പുളികച്ചാല്‍ സോജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45ന് കോയബസാറില്‍ മയൂര അപ്പാര്‍ട്ട്മെന്റിന് മുന്നിലാണ് അപകടം നടന്നത്. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു വാഹനം നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഉടന്‍ തന്നെ വൈദ്യൂതി നിലച്ചതിനാല്‍ വന്‍ ദുന്തം ഒഴിവായി. വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് വൈദ്യൂതി പോസ്റ്റുകളും അപ്പാര്‍ട്ട് മെന്റിന്റെ മതിലും തകര്‍ന്നു.  ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സോജിയാണ് വണ്ടിയോടിച്ചിരുന്നത്. ഇയാളുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ വൈകുന്നേരം വരെ വൈദ്യൂതി വിതരണം തടസപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.