ചാവക്കാട് : മണത്തല നേര്‍ച്ചക്കിടെ നെറ്റിപട്ടം മോഷ്ടിച്ചെന്നാരോപിച്ച്‌ കസ്റ്റഡിയിൽ എടുത്ത  ആനപാപ്പാന്‍മാരെ വിട്ടയച്ചു.
ബ്ലാങ്ങാട്  ബീച്ചില്‍ നിന്നുള്ള മിറാക്കിള്‍സ് കാഴ്ച കമ്മിറ്റിക്കാര്‍ തൃശൂരില്‍ നിന്നും വാടകെക്കെടുത്ത് കൊണ്ടുവന്ന 12 നെറ്റിപട്ടങ്ങളില്‍ രണ്ടെണ്ണമാണ് കാണാതായത്. ഇതിലൊന്ന്  കാറില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ പിടികൂടി നെന്നറിയച്ചതിനെ തുടർന്ന് പോലീസെത്തി പാപ്പാന്മാരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒരു ആന പാപ്പാനാണ് ഇതിന്റെ പ്രധാന സൂത്രക്കാരന്‍. മറ്റു ആനപാപ്പാന്‍മാരെ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. ഒരു നെറ്റിപട്ടം സംഘത്തിന്റെ വാഹനത്തില്‍ കയറ്റി കൊടുത്താല്‍ 5000 രൂപയാണ് പ്രതിഫലം നല്‍കുന്നത്.
മണത്തല നേര്‍ച്ചയുടെ സമാപന ദിവസം വൈകീട്ട് ബീച്ചില്‍ നിന്നുള്ള നാട്ടുകാഴ്ചയില്‍ ആനകള്‍ ഇടഞ്ഞു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
മിറാക്കിള്‍സിന്റെ കാഴ്ചക്കു കൊണ്ടുവന്ന ആനകളെയാണ് നാട്ടുകാഴ്ചക്കു വിട്ടു കൊടുത്തിരുന്നത്. ഈ ആനകളില്‍ നാലെണ്ണമാണ് ഇടഞ്ഞത്.
ആന ഇടഞ്ഞതോടെ കാഴ്ചകള്‍ നിറുത്തിവെച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആനകളെ പിന്നെ എഴുന്നുള്ളിച്ചിരുന്നില്ല. ആനകളെ പല പറമ്പുകളിലായാണ് തളച്ചത്.
നെറ്റിപട്ടങ്ങള്‍ പല സ്ഥലത്തായാണ് അഴിച്ചുവെച്ചത്.  ഇതിനിടയിൽ നെറ്റിപട്ടങ്ങള്‍ സംഘാടകര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
ബുധനാഴ്ച രാവിലെ നോക്കിയപ്പോഴാണ് രണ്ട് നെറ്റിപട്ടങ്ങള്‍ കുറവ് കണ്ടത്.  ഒരു ആനയെ തളച്ചതിനു സമീപം ചുവന്ന കാര്‍ കിടക്കുന്നുണ്ടായിരുന്നു.
കാറിന്റെ ഡിക്കിലേക്ക് പായക്കെട്ട് കയറ്റുന്നത് കണ്ടപ്പോഴാണ് സംശയം വര്‍ദ്ധിച്ചത്.  പാപ്പാന്‍മാര്‍ ഉറങ്ങാന്‍ ഉപയോഗിക്കുന്ന പായയില്‍ ചുരുട്ടികെട്ടിയ നിലയിലായിരുന്നു നെറ്റിപട്ടം.  ചോദിച്ചപ്പോള്‍ ചങ്ങലയെന്നാണ്  ആദ്യം പറഞ്ഞത്. പിന്നീട് സത്യം  പറയേണ്ടിവന്നു പാപ്പാന്‍മാര്‍ക്ക്.
ഒരു നെറ്റിപട്ടം മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മറ്റൊരണ്ണം തലേന്നു രാത്രി കടത്തിയതായി സംശയിക്കുന്നു.
പിന്നീട് പൊലീസെത്തി ഇവരെ കൊണ്ടുപോകുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഘത്തെകുറിച്ച് വിവരം ലഭിക്കുന്നത്.
80000 മുതല്‍ 2ലക്ഷം രൂപവരെ നെറ്റിപട്ടങ്ങള്‍ക്കു വിലയുള്ളതായി പറയുന്നു. 2000 – 3000 രൂപയാണ്  ഇവയുടെ ദിവസ വാടക.
എന്നാൽ പിന്നീട് സംഘാടകരെത്തി പരാതിയില്ലെന്നും നെറ്റിപ്പട്ടം അറിയാതെ മാറിയെടുത്തതാണെന്നും പറഞ്ഞതിനെ തുടർന്ന് പാപ്പാന്മാരെ വെറുതെ വിടുകയായിരുന്നു.