ചാവക്കാട് : വിവിധ  ഇനത്തിലുള്ള 75 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി.
ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂര്‍-കരാവല്‍, ബുജൂര്‍ സ്വദേശികളായ ജിതേന്ദ്ര (22), സൂരജ്കുമാര്‍ !(40) എന്നിവരെയാണ് വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജി. പോളും സംഘവും പിടികൂടിയത്. തീരദേശ മേഖല കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നതായി ഡപ്യൂട്ടി
എക്‌സൈസ് കമ്മീഷണര്‍ എന്‍.എസ്. സലീംകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുന്നയൂര്‍ക്കുളം, അകലാട്, മന്ദലാംകുന്ന് എന്നിവിടങ്ങളില്‍ നടത്തിയ
പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
മംഗലാപുരത്തുനിന്ന് തീവണ്ടിയില്‍ പുകയില ഉത്പന്നങ്ങള്‍ തീരദേശ മേഖലയില്‍ എത്തിച്ച് വിതരണം ചെയ്യുന്നവരാണ് ഇവര്‍. മന്ദലാംകുന്നിലെ ഒരു സ്വകാര്യ വ്യക്തിയുടെ
ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മൂന്നാംനിലയിലെ മുറി വാടകയ്‌ക്കെടുത്താണ് ഇവര്‍ താമസിച്ചിരുന്നത്.
പുകയില ഉത്പന്നങ്ങള്‍ പാന്‍ഷോപ്പുകള്‍ വഴി വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. ഇതിനായി യുവാക്കളേയും വിദ്യാര്‍ഥികളേയും ആകര്‍ഷിച്ച് ഇതിന്റെ സ്ഥിരം
ഉപഭോക്താക്കളാക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി യുവാക്കള്‍ പുകയില ഉത്പന്നങ്ങളുടെ
വിപണനരംഗത്ത് സജീവമാണെന്ന് പിടിയിലായവര്‍ വിവരം നല്‍കി.
നിയമവിരുദ്ധമായി പുകയില ഉത്പന്നങ്ങള്‍ കൈവശം വെച്ച കുറ്റത്തിന് കോട്പ നിയമപ്രകാരം കേസ് രജിസ്റ്റര്‍ചെയ്ത് നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍
അറിയിച്ചു.