ചാവക്കാട് : മുല്ലത്തറ ചാവക്കാട് റോഡ് നവീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ. പതിനായിരക്കണക്കിന് വാഹനങ്ങൾ ദിനവും കടന്നു പോകുന്ന ദേശീയപാത അടച്ചുപൂട്ടി ആഴ്ചകൾ പിന്നിട്ടിട്ടും പണി നടക്കുന്നത് ഇഴഞ്ഞു തന്നെ. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പണി പൂർത്തീകരിച്ചു തുറന്ന് കൊടുക്കാമായിരുന്ന റോഡ് ഇനിയും രണ്ടു ദിവസം കഴിഞ്ഞേ വാഹനഗതാഗതം ആരംഭിക്കാൻ ആവൂ.
ടൈൽസ് വിരിച്ചിരുന്ന വിദഗ്ധ തൊഴിലാളികളായ ബംഗാളികൾ പണി ഉപേക്ഷിച്ചു പോയി. നാല് ദിവസം തുടർച്ചയായി ശമ്പളം നൽകാതെയും കരാർ പ്രകാരം കൂലി നൽകാതിരിക്കുകയും ചെയ്തതാണ് തൊഴിലാളികൾ പണി പൂർത്തീകരിക്കാതെ സ്ഥലം വിടാൻ ഇടയായത്. ചാവക്കാട് സി ഐ യുടെ മധ്യസ്ഥതയിൽ ലഭിക്കാനുള്ള കൂലി വാങ്ങിച്ചതിനു ശേഷം പിന്നീട് പണി തുടരാതെ തൊഴിലാളികൾ തിരിച്ചു പോവുകയായിരുന്നു.
വളരെ ചെറിയ ഭാഗങ്ങളിലെ ഇനി ടൈൽസ് വിരിക്കാൻ ബാക്കിയുള്ളൂ. റോഡരികുകൾ കോൺക്രീറ്റ് ചെയ്യാനും കുറഞ്ഞ സ്ഥലങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിദഗ്ധ തൊഴിലാളികളുടെ അഭാവത്തിൽ ഇവിടങ്ങളിൽ കോട്രാക്ടറും മറ്റു തൊഴിലാളികളും ചേർന്നാണ് ടൈൽസ് വിരിക്കാൻ ശ്രമം നടത്തുന്നത്. അവിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് വിരിക്കുന്നത് മൂലം നിരപ്പ് തെറ്റിയാണ് ടൈൽസ് പാകുന്നത്.
വളരെ ഗതാഗത പ്രാധാന്യമുള്ള റോഡിന്റെ പണിയിലും പാത അടച്ചു പൂട്ടുന്നതിനോടും വളരെ ലാഘവത്തോടെയുള്ള സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്.
തിങ്കളാഴ്ച റോഡ് തുറന്ന് കൊടുക്കും എന്നാണ് ബന്ധപ്പെട്ടവരിൽനിന്നും ലഭിച്ച വിവരം.

ഫോട്ടോ :കോട്രാക്ടറും അവിദഗ്ധ തൊഴിലാളികളും ചേർന്ന് ടൈൽസ് വിരിക്കുന്നു