പഞ്ചവടി : വര്‍ണ്ണക്കാവടികളും ഗജവീരന്മാരും അണിനിരന്ന പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം ഉത്സവപ്രേമികള്‍ക്ക് കാഴ്ചയുടെ വിരുന്നായി. രാവിലെ ക്ഷേത്രഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഖളൂരിക ഭഗവതിക്ഷേത്രത്തില്‍നിന്നു പുറപ്പെട്ടതോടെയാണ് ഉത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് തെക്കുഭാഗം ഉത്സവാഘോഷക്കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് തിരുവത്ര ശിവക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് ക്ഷേത്രഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍നിന്നാരംഭിച്ചു. തെക്കുഭാഗം ഉത്സവാഘോഷക്കമ്മിറ്റിയുടെ പകല്‍പ്പൂരം എഴുന്നള്ളിപ്പ് എടക്കഴിയൂര്‍ മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍നിന്നും വടക്കുഭാഗം കമ്മിറ്റിയുടെ എടക്കഴിയൂര്‍ നാലാംകല്ല് വാക്കയില്‍ ശ്രീഭദ്ര ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പഞ്ചവടി സെന്ററിലെത്തി സംഗമിച്ചു. എല്ലാ എഴുന്നള്ളിപ്പുകളും ഒത്തുചേര്‍ന്ന് വൈകിട്ട് ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പു നടത്തി.
രാത്രി നാടന്‍പാട്ടുകള്‍, നാടകം എന്നിവ ഉണ്ടായി. പുലര്‍ച്ചെ നടന്ന കൂട്ടിയെഴുന്നള്ളിപ്പോടെ ഉത്സവത്തിന് സമാപനമായി. വ്യാഴാഴ്ച പുലര്‍ച്ചമുതല്‍ ക്ഷേത്രപരിസരത്തെ വാ കടപ്പുറത്ത് നടക്കുന്ന വാവുബലിച്ചടങ്ങുകള്‍ക്കായി നിരവധി ഭക്തര്‍ ബുധനാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തി.