ഗുരുവായൂർ: അധികാര വികേന്ദ്രീകരണത്തിൻറെ ഭാഗമായി കൂടുതൽ അധികാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾ സാധാരണക്കാരൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് വി.എം. സുധീരൻ. ജനങ്ങൾ ഏൽപ്പിക്കുന്ന അധികാരം ജനങ്ങൾക്കു വേണ്ടി ഉപയോഗിക്കാത്തത് തദ്ദേശ സ്ഥാപനങ്ങൾക്ക് കളങ്കമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപന ഭരണാധികാരികൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും ആവശ്യപ്പെട്ടു.വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം ഗുരുവായൂരിലെ മാധ്യമം ലേഖകൻ ലിജിത്ത് തരകന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ രാജ്യത്ത് ഭീഷണികൾ ഉയരുന്നുണ്ടെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് കോട്ടം സംഭവിച്ചാൽ അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും സുധീരൻ കൂട്ടിച്ചേർത്തു. വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം സുധീരൻ ഉദ്ഘാടനം ചെയ്തു. പൊതു പ്രവർത്തകക്കുള്ള പുരസ്കാരം മേഴ്സി ജോയിക്ക് മുൻ ദേവസ്വം ചെയർമാൻ ടി.വി ചന്ദ്രമോഹൻ കൈമാറി. അർബൻ ബാങ്ക് ചെയർമാൻ വി. ബലറാം മികച്ച വിജയികളെ അനുമോദിച്ചു. ട്രസ്റ്റ് പ്രസിഡൻറ് ആർ.രവികുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബാലൻ വാറനാട്ട്, എ.വേണുഗോപാൽ, ആർ.ജയകുമാർ, പി.കെ. രാജേഷ് ബാബു, ശശി വാറനാട്ട്, ശിവൻ പാലിയത്ത്, എ.പി മുഹമ്മദുണ്ണി, പി.വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.