ചാവക്കാട്:  വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വി വി പാറ്റ് മെഷീനും പരിചയപ്പെടുത്തുന്നത്തിനു വേണ്ടി തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടുവണ്ടി വെള്ളിയാഴ്ച മുതല്‍ ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് വില്ലേജ് ഓഫീസര്‍ കെ എന്‍ മനോജ് അറിയിച്ചു.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വി വി പാറ്റ് സംവിധാനം നിലവില്‍ വരുന്ന പശ്ചാത്തലത്തിലാണ് പുതിയ വോട്ടിങ് രീതി വോട്ടര്‍മാരെ പരിചയപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടു വണ്ടിയുമായി എത്തുന്നത്. മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷൻ പരിധികളിലും വാഹനം എത്തും. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 189 പോളിംഗ് സ്റ്റേഷനും, മണലൂരിൽ 190 പോളിംഗ് സ്റ്റേഷനുമാണ് ഉള്ളത്.
വി വി പാറ്റേണ്‍ സൗകര്യം വരുന്നതോടെ ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് കാണിക്കുന്ന സ്ലിപ്പ് വോട്ടര്‍ക്ക് ഏഴ് സെക്കന്‍ഡ് സമയം കാണാനാവുമെന്നതാണ് പ്രധാന സവിശേഷത.
ഇതിന് ശേഷം ഈ സ്ലിപ്പ് ഒരു പെട്ടിയില്‍ ചെന്നു വീഴും. വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തകരാറോ മറ്റെന്തെങ്കിലും സംശയമോ ഉയര്‍ന്നാല്‍ ഈ പെട്ടി പരിശോധിച്ച് സ്ലിപ്പുകളില്‍ ആര്‍ക്കാണ് വോട്ടുരേഖപ്പെടുത്തിയതെന്ന് അറിയാനാവും.
വോട്ടിങ് രീതിയും യന്ത്രങ്ങളുടെ പ്രവർത്തനവും വോട്ടു വണ്ടിയിൽ വിശദീകരിക്കും.