ഗുരുവായൂര്‍ : അഗതി മന്ദിരം ജങ്ഷനില്‍ റോഡിന്റെ ടാറിങ്ങ് തകര്‍ത്ത് കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയത് പരിഭ്രാന്തി പരത്തി. അഗതിമന്ദിരം ജങ്ഷനിലെ ഹൈമാസ്റ്റ് വിളക്കിനടുത്താണ് പൈപ്പ് പൊട്ടിയത്. രണ്ടിടത്ത് ടാറിങ് വിണ്ടുപൊട്ടി വെള്ളം ചീറ്റാന്‍ തുടങ്ങിയതോടെ പരിസരപ്രദേശത്ത് വെള്ളക്കെട്ടായി. ഇതിനിടെ പൈപ്പ് പൊട്ടിയതിന്റെ ആഘാതത്തില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണ ചെരിയാന്‍ തുടങ്ങിയെന്ന സംശയം ഉയര്‍ന്നതോടെ  പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി. നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച്  വാട്ടര്‍ അതോറിറ്റി വാല്‍വ് അടച്ച് വെള്ളം ഒഴുകുന്നത് നിര്‍ത്തി. ടെമ്പിള്‍ പൊലീസ് എസ്.ഐ എം. ഗിരിജാവല്ലഭന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. ഹൈമാസ്റ്റ് തൂണിന് കുഴപ്പമൊന്നും ഇല്ലെന്ന്  കെ.എസ്.ഇ.ബി. അധികൃതരെത്തി ഉറപ്പാക്കി. കെ.ടി.ഡി.സി. അതിഥി മന്ദിരം അടക്കമുള്ള പ്രദേശത്ത് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കരുവന്നൂര്‍ പദ്ധതിക്കായി സ്ഥാപിച്ച പുതിയ പൈപ്പിലൂടെ വെള്ളം കടത്തിവിടാന്‍ ശ്രമം നടത്തിയപ്പോഴാണ് പൈപ്പ് പൊട്ടിയതെന്ന് പിന്നീട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.