ചാവക്കാട്: വേനല്‍ച്ചൂട് കടുത്തതോടെ വരള്‍ച്ച നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ ചേര്‍ന്നു.
മേഖലയിലെ കൃഷിനാശം തടയാനായി അടിയന്തരമായി ചെറിയ തോടുകള്‍, കുളങ്ങള്‍, കിണറുകല്‍ വൃത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. കുടിവെള്ളം രൂക്ഷമാകുന്ന മേഖലയില്‍ ജല സംഭരണി സ്ഥാപിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ചെറിയ ജല പദ്ധതികള്‍ ആരംഭിക്കുന്നതിനും നിര്‍ദ്ദേശമുണ്ടായി. ജില്ലാ ഡപ്യൂട്ടി കളക്ടര്‍ പി.വി മോന്‍സി, ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് കെ.പി ഉമര്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ. ശാന്തകുമാരി, ചാവക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ്, പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേക്കാട്, ഒരുമനയൂര്‍, കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളുടെ പ്രസിഡന്‍്റുമാരായ എ.ഡി ധനീപ്, നഫീസക്കുട്ടി വലിയകത്ത്, മറിയം മുസ്തഫ, കെ.ജെ ചാക്കോ, പി.എം മുജീബ്, വി.കെ അശോകന്‍, വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.