ചാവക്കാട്: ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സാമൂഹിക വ്യവസ്ഥയുടെ ക്രൂരതയാൽ പുറകോട്ടു വലിച്ചെറിയപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങളെ സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടു വരാനുള്ള ഭരണഘടനാ സംവിധാനമാണ് സംവരണം. ഭരണഘടന വിഭാവനം ചെയ്യുന്ന ഈ മഹത്തായ മൂല്യങ്ങളെ തകർക്കാൻ ആരെയും ആനുവദിക്കില്ല എന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിഷ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി സംവരണ മെമ്മോറിയലിന്റെ ഭാഗമായി ചാവക്കാട് സംഘടിപ്പിച്ച സംവരണ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. നമ്മുടെ സാമൂഹ്യഘടന ജാതീയതയാൽ കെട്ടിപ്പടുക്കപ്പെട്ടതാണ്. അനന്തരഫലമോ താണജാതിക്കാർ പുഴുക്കളെപോലെ ജീവിക്കേണ്ടിവന്നു. സാമ്പത്തിക സംവരണം അടിസ്ഥാന ജനവിഭാഗത്തോടുള്ള വഞ്ചനയാണ്. അതിന് ചൂട്ട് പിടിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാമൂഹ്യ നീതിയിൽ വിശ്വസിക്കുന്നില്ല എന്നാണു മനസിലാക്കാൻ കഴിയുന്നത്. പിന്നോക്ക മത വിഭാഗത്തിൽപെട്ടവരുടെ നിലനില്പു പോലും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മുടെ ജീവിതം എന്നും അവർ പറഞ്ഞു.
യോഗം വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ്‌ എം കെ അസ്‌ലം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൌൺസിൽ അംഗം ഷാക്കിർ ചങ്ങരംകുളം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ല സെക്രട്ടറി ഉഷാകുമാരി, എഫ് ഐ ടി യു ജില്ല പ്രസിഡന്റ്‌ ശരീഫ് പി അബ്ദുള്ള, ഫ്രറ്റേർണിറ്റി ജില്ല ജെനറൽ സെക്രട്ടറി മുബാറക്, കുന്നംകുളം മണ്ഡലം പ്രസിഡന്റ്‌ പി എ ബദറുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ല ട്രെഷറർ ടി എം കുഞ്ഞിപ്പ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി സി ആർ ഹനീഫ സ്വാഗതം ആശംസിക്കുകയും, മണലൂർ മണ്ഡലം പ്രസിഡന്റ്‌ പി വി നാസർ നന്ദി പറഞ്ഞു. നേരത്തെ സിവിൽ സ്റ്റഷൻ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ല സെക്രട്ടറി കെ എസ് നവാസ്, ഷണ്മുഖൻ വൈദ്യർ, ആർ വി റിയാസ്, ഫൈസൽ ഉസ്മാൻ, ശിവരത്നം ആലത്തി, കെ വി ശിഹാബ് അബൂബക്കർ കുഞ്ഞി എന്നിവർ നേത്രത്വം നൽകി.