എടക്കഴിയൂർ : വീട്ടുകാർ ഉറങ്ങിക്കിടക്കവെ പുറത്ത് നിന്നും പൂട്ടി വീടിനു തീവെച്ചു. അകത്തു കിടന്നിരുന്ന അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. അകലാട് ഒറ്റയിനി ബീച്ചിൽ കാരാട്ട് നസീമയുടെ വീടാണ് രാത്രിയിൽ അജ്ഞാതർ അഗ്നിക്കിരയാക്കിയത്.
വിധവയായ നസീമയും രണ്ടു മക്കളും 85 കാരിയായ മാതാവും വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് സംഭവം. എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്ന നസീമ കണ്ടത് മേൽക്കൂര കത്തുന്നതാണ്. വാതിൽ തുറന്നു രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പുറത്ത് നിന്നും വാതിൽ കുറ്റിയിട്ടതായി മനസ്സിലായത്. പിന്നീട് സർവശക്തിയും ഉപയോഗിച്ച് വാതിൽ തള്ളിത്തുറന്നു വൃദ്ധ മാതാവിനെയും കുട്ടികളെയും കൊണ്ട് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞു ഓടിക്കൂടിയ നാട്ടുകാർ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളമടിച്ച് തീ അണക്കുകയായിരുന്നു.
സ്ളാബ് ചുമരിൽ മേൽക്കൂര ഓലയിൽ തീർത്ത വീടാണ് നസീമയുടേത്. കഴിഞ്ഞ വർഷം മഴക്കാലത്ത് വീട് ചോർന്നപ്പോൾ ഓലയുടെ മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു.
വൃദ്ധ ദമ്പതികൾ താമസിക്കുന്ന സമീപത്തുള്ള വീടിന്റെയും വാതിൽ പുറത്തു നിന്നും പൂട്ടിയിരുന്നു.
വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.