ഇല്ലം നിറ നാളെ : ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം
ഗുരുവായൂര്‍: കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് ക്ഷേത്രത്തില്‍ നാളെ ഇല്ലംനിറ ആഘോഷിക്കും. പുതുതായി കൊയ്‌തെടുത്ത കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ചു പൂജ ചെയ്തു ഗുരുവായൂരപ്പന്റെ ശ്രീലകത്ത് നിറയ്ക്കുന്നതാണ് ചടങ്ങ്. തുടര്‍ന്ന് കതിരുകള്‍ ഭക്തര്‍ക്കു പ്രസാദമായി വിതരണം ചെയ്യും. പ്രസാദമായി ലഭിച്ച കതിരുകള്‍ ഭക്തര്‍ വര്‍ഷം മുഴുവനും സ്ഥാപനങ്ങളിലും ഭവനങ്ങളിലും സൂക്ഷിക്കും. ലക്ഷ്മി പൂജ നടത്തി ലഭിക്കുന്ന കതിരുകള്‍ സൂക്ഷിക്കുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം നില നില്‍ക്കുമെന്നാണ് വിശ്വാസം. പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുബങ്ങളില്‍ നിന്നുള്ളവരാണ് കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിക്കുന്നത്. ഇതിനാവശ്യമായ കതിര്‍കറ്റകള്‍ ഇന്ന് രാവിലെ മുതല്‍ ക്ഷേത്രനടയിലെത്തിച്ചു തുടങ്ങും. കിഴക്കേനടയിലെ കല്യാണമണ്ഡപത്തില്‍ സൂക്ഷിക്കുന്ന കതിര്‍കറ്റകള്‍ നാളെ രാവിലെ ആറോടെ അവകാശി കുടുബങ്ങളില്‍ നിന്നുള്ളവര്‍ ശിരസിലേറ്റി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു മുന്നില്‍ അരിമാവണിഞ്ഞ് നാക്കിലവച്ചതിനു മുകളില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് കീഴ്ശാന്തി നമ്പൂതിരിമാര്‍ തീര്‍ഥം തെളിച്ച് കറ്റകള്‍ ശുദ്ധി വരുത്തും. പിന്നീട് കീഴ്ശാന്തിക്കാര്‍ കറ്റകള്‍ ശിരസിലേറ്റി ക്ഷേത്ര പ്രദക്ഷിണം നടത്തി നമസ്‌കാര മണ്ഡപത്തിലെത്തിക്കും. തുടര്‍ന്ന് മേല്‍ശാന്തി ലക്ഷ്മി പൂജ നടത്തും. ഒരു കെട്ട് കതിര്‍ക്കറ്റ പട്ടില്‍ പൊതിഞ്ഞ് ഓട്ടുരുളിയിലാക്കി ശ്രീകോവിലിനുള്ളില്‍ എത്തിച്ച് ഗുരുവായൂരപ്പനു നിറയ്ക്കുന്നതോടെ ചടങ്ങ് പൂര്‍ത്തിയാകും. രാവിലെ 7.50 മുതല്‍ 8.50വരെുള്ള മുഹൂര്‍ത്തത്തിനിടയിലാണ് ചടങ്ങുകള്‍ നടക്കുക. ഇല്ലം നിറ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ രാവിലെ നാലര മുതല്‍ ഒമ്പത് വരെ ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വരി സംവിധാനവും ഉണ്ടാകില്ല. ക്ഷേത്രത്തിലെ തൃപ്പുത്തരി ചടങ്ങ് 10നാണ്. പുതിയതായി കൊയ്‌തെടുത്ത നെല്ലിന്റെ അരികൊണ്ട് തയാറാക്കിയ പായസം ഗുരുവായൂരപ്പനു നിവേദിക്കുന്നതാണ് ചടങ്ങ്. ഉപ്പ്മാങ്ങയും, പത്തിലക്കറിയും ഉച്ചപൂജക്ക് ഭഗവാന് നിവേദിക്കുന്നതും തൃപ്പുത്തരിയുടെ പ്രത്യേകതയാണ്. 9ന് വൈകുന്നേരം 5 മണി മുതല്‍ കൗണ്ടറില്‍ നിന്ന് പ്രത്യക ശീട്ട് ലഭിക്കും. 45 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് പരമാവധി രണ്ട് ശീട്ടേ ലഭിക്കൂ.
Comments are closed.