ഗുരുവായൂരില്‍ ജനതാദള്‍ (യു) നേതൃത്വം വീരേന്ദ്രകുമാറിനെതിരെ ജനതാദള്‍ എസ്സില്‍ ലയിക്കും – എല്‍ ഡി എഫുമായി സഹകരിക്കും
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ജനതാദള്‍ (യു)വിലെ ഒരു വിഭാഗം ജനതാദള്‍(എസ്)ല്‍ ലയിക്കാനും എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. പാര്‍ട്ടിയുടെ നിയോജകമണ്ഡലം കമ്മറ്റിയിലെ ഭൂരിഭാഗം ഭാരവാഹികളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് തങ്ങളോടൊപ്പം ജനതാദള്‍(എസ്)ല്‍ ലയിക്കുമെന്ന് ജനതാദള്‍(യു)ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് പി.ടി.ഹനീഫ ചാവക്കാട്ട് പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. യു.ഡി.എഫിന്റെ സംഘടന സംവിധാനത്തോടും കാഴ്ചപ്പാടുകളോടുമുള്ള എതിര്‍പ്പാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തെ 12 ജില്ല കൗണ്‍സിലും നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് പി.ടി.ഹനീഫ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് കെ.വി.നാരായണന്‍ ഇളയത്, ജനറല്‍ സെക്രട്ടറി എം.ജി.ജയരാജ്, ട്രഷറര്‍ ടി.എന്‍.സജീവ്, വി.കെ.അഷ്‌റഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments are closed.