ആരവം ഒഴിഞ്ഞു ആളൊഴിഞ്ഞില്ല – കലോത്സവാനന്തരം അപ്പീലുകൾ 138

കുന്നംകുളം : ജില്ലാ കലോത്സവത്തിന് ഇന്നലെ രാത്രിയോടെ തിരശീല വീണുവെങ്കിലും കുന്നംകുളം ബോയ്സ് സ്കൂളിൽ തിരക്കൊഴിഞ്ഞില്ല. ഇന്ന് രാവിലെ മുതൽ കുന്നംകുളം ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിലെ അപ്പീൽ കമ്മറ്റിക്ക് മുന്നിൽ വിദ്യാർത്ഥികളുടെ വൻ തിരക്കായിരുന്നു. ഹയർസെക്കന്ററി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ വ്യക്തിഗത ഇനവും ഗ്രൂപ്പ് ഇനങ്ങളുമായി നൂറ്റി മുപ്പത്തിയെട്ടോളം അപ്പീലുകളാണ് സ്വീകരിച്ചത്. 5000 രൂപയാണ് അപ്പീൽ ഫീസ്. ഈ ഇനത്തിൽ ഏഴു ലക്ഷം രൂപയോളം വരവുണ്ടാകും.

തിരുവാതിരക്കളി, നാടൻപാട്ട്, പുതുതായി ചേർക്കപ്പെട്ട ഗോത്രകലകൾ, അറബന മുട്ട് എന്നിവയുടെ വിധിനിർണയത്തിൽ അപാകതകൾ ആരോപിച്ച് കലോത്സവ വേദിയിൽ സംഘർഷവും പ്രതിഷേധവും നടന്നിരുന്നു. തിരുവാതിരക്കളി വേദി വിദ്യാർത്ഥികൾ ഉപരോധിച്ചു. നാടൻപാട്ട് മത്സരാർത്ഥികൾ പ്രോഗ്രാം, അപ്പീൽ കമ്മിറ്റികൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം ഉയർത്തി. അറബന മുട്ടിൽ ഫല പ്രഖ്യാപനത്തിൽ കള്ളത്തരം ആരോപിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കും. നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനംചെയ്യും

Comments are closed.