നഗരവികസനത്തിനായി 1500 കോടിയുടെ പദ്ധതികളുമായി ഗുരുവായൂര്‍ നഗരസഭ
ഗുരുവായൂര്‍ : നഗരവികസനത്തിനായി 1500 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൈതൃക നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വികസനത്തിനായി സമര്‍പ്പിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്താണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. നഗരത്തില്‍ മൂന്നാമതൊരു റിംങ് റോഡ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, കിഴക്കെനട ബസ് സ്റ്റാന്‍ഡിലെ മള്‍ട്ടി പര്‍പ്പസ് മൊബിലിറ്റി ഹബ്, ചാട്ടുകുളം മുതല്‍ കോയ ബസാര്‍ വരെ റോഡ് വീതി കൂട്ടല്‍, പില്‍ഗ്രിം പ്ലാസ, വനിത വിശ്രമ കേന്ദ്രം, സോളാര്‍ തെരുവ് വിളക്കുകള്‍, മിനി മാര്‍ക്കറ്റ്, വനിത വിശ്രമ കേന്ദ്രം, നാട്യഗൃഹം തുടങ്ങിയ പദ്ധതികളാണ് സമര്‍പ്പിക്കുന്നത്. ഇന്ന് നടക്കുന്ന വികസന സെമിനാറിന് ശേഷമാണ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുക. അമൃതം പദ്ധതിയില്‍ നഗരസഭ പ്രതീക്ഷിച്ച ഗുണങ്ങള്‍ ലഭിക്കുന്നില്ലെന്ന് വിമര്‍ശനം ഉണ്ടായി. ഒരു ലക്ഷം രൂപയും മൂന്ന് ലാപ്‌ടോപ്പുകളും മാത്രമാണ് ഇതുവരെയായി അമൃതം പദ്ധതിയില്‍ ലഭിച്ചിട്ടുള്ളതെന്ന് ചെയര്‍മാന്‍ പി.കെ. ശാന്തകുമാരി പറഞ്ഞു. മുന്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസനും കേന്ദ്ര പദ്ധതികള്‍ വാഗ്ദാനങ്ങളായി ഒതുങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യ കമ്പനിക്ക് ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബയോഗ്യാസ് പ്ലാന്റ്, പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, ഗ്ലാസ് ഷ്രെഡിംഗ് യൂണിറ്റ്, ബയോഗ്യാസ് ബോട്ടിലിംഗ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ വിവാദ അജണ്ട ചെയര്‍മാന്‍ തിരുത്തി. ട്രഞ്ചിങ് ഗ്രൗണ്ടില്‍ നേരത്തെ ശുചിത്വ മിഷന്‍ അനുവദിച്ചിരുന്ന പദ്ധതി ഭേദഗതി ചെയ്യല്‍മാത്രമാക്കി അജണ്ട തിരുത്തിയിരുന്നു. നേരത്തെ അജണ്ടയില്‍ തെറ്റ് സംഭവിച്ചതാണെന്ന് ചെയര്‍മാന്‍ പറയുകയും ചെയ്തു. യോഗത്തില്‍ നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
Comments are closed.