ചാവക്കാട് : ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ മൂന്നിടങ്ങളിലായി ഉണ്ടായ വ്യത്യസ്ഥ വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്കേറ്റു.
എടക്കഴിയൂർ സ്വദേശി ഉണ്ണീരി ദിവാകരൻ (70) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിക്ക് എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിൽ ബൈക്കിടിച്ച് പരിക്കേറ്റ ദിവാകരനെയും പരിക്കേറ്റ പഞ്ചവടി സ്വദേശികളായ മിസ്ബാഹ് (20), ഉമ്മർ ഫാറൂഖ് (19) എന്നിവരെ എടക്കഴിയൂർ ലൈഫ്കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും ഗുരുതരമായ പരിക്കേറ്റ ദിവാകരനെ പിന്നീട് തൃശൂരിലേക്കും കൊണ്ടുപോയിരുന്നു. ദിവാകരൻ രാത്രി പതിനൊന്നു മണിയോടെ മരണത്തിനു കീഴടങ്ങി.
ഇന്നലെ ഇതേ സമയത്ത് തന്നെ തിരുവത്ര അത്താണി നാട്ടുകൂട്ടം സെന്ററിൽ ബൈക്ക് തെന്നിവീണ് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഗ്രാമകുളം സ്വദേശികളായ തറയിൽ ദിജിത്ത് (26), കണ്ടരാശ്ശേരി വിജീഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിലും ദിജിത്തിനെ വിദഗ്ധ ചികിത്സക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ അകലാട് ഒറ്റയിനിയിൽ കണ്ടയ്നർ ലോറിയും, ഗുഡ്സ് വണ്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ പലക്കടങ്കണ്ടി റഹിജാസ് (19), മാഞ്ചിയിൽ ഷജീബ് (30) എന്നിവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവൃത്തകർ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ എത്തിച്ചു.