ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എ.കെ.സുരേന്ദ്ര നെ ആക്രമിച്ച കേസിൽ ഒരുമനിയൂർ ഇല്ലത്തുപള്ളി മേപ്പുറത്ത് അർജുനൻ മകൻ ശ്രീരാജിനെ ( 28) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ആജ് സുദർശൻ നാല് വർഷം തടവിനും പതിനായിരം രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചു.
2015 ജൂൺ 6 വൈകീട്ട് 5.30 നാണ് കേസ്സിനാസ്പദമായ സംഭവം. ചാവക്കാട് ടൗണിനോട് ചേർന്നുള്ള മെഹന്തി സിൽക്ക്സിന് സമീപം ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന വിവരം അറിഞ്ഞ് ചവക്കാട് പോലീസ് സബ്ബ് ഇൻസ്പക്ടറായിരുന്ന വി.എസ്. രാമചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്ന എ.കെ.സുരേന്ദ്രൻ അടിപിടിയിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ എ.കെ.സുരേന്ദ്രനെ പ്രതി ശ്രീരാജ് പിടിച്ച് തള്ളിയിടുകയും ഷട്ടറിൽ തട്ടി താഴെ വീണതിൽ എ.കെ.സുരേന്ദ്രന്റെ കയ്യിലെ എല്ല് പൊട്ടി ഗുരുതരമായി പരിക്ക് പറ്റുകയായിരുന്നു.
കണ്ടു നിന്ന നാട്ടുകാരായ സാക്ഷികൾ കൂറുമാറിയെങ്കിലും പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും തെളിവുകളും പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
പിഴ സംഖ്യയായ പതിനായിരം രൂപ പരിക്ക് പറ്റിയ എ.കെ.സുരേന്ദ്രന് നൽകാൻ വിധിയിൽ പ്രത്യേകം നിർദ്ധേശമുണ്ട്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.ബി.സുനിൽകുമാർ, കെ.ആർ. രജിത്കുമാർ എന്നിവർ ഹാജരാക്കി