ചാവക്കാട് : കഴിഞ്ഞ ദിവസം അബുദാബിയിൽ അന്തരിച്ച പ്രമുഖ സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകനും തിരുവത്ര വെൽഫെയർ അസോസിയേഷൻ ജി സി സി കൺവീനറും അബുദാബി തിരുവത്ര മുസ്‌ലിം വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റുമായ അബ്ദുൽ കരീം ഹാജിയെ അനുസ്മരിക്കാൻ
തിരുവത്ര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച “നമ്മുടെ കരീം ഹാജിക്ക് വേണ്ടി ഒരു പകൽ” എന്ന അനുസ്മരണ യോഗം നീണ്ട എട്ട് മണിക്കൂർ കഴിഞ്ഞിട്ടും അനുശോചന സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.
ഈ കൊറോണ മഹാമാരിയുടെ കാലത്ത് മനുഷ്യർ അടച്ചിട്ട അകത്തളങ്ങളിലേക്ക് ഒതുക്കപ്പെട്ടപ്പോൾ ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ഈ മീറ്റിങ് സംഘടിപ്പിച്ചത്. പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സംഘടിപ്പിച്ച അനുസ്മരണയോഗം സമൂഹത്തിലെ നാനാതുറകളിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
പൂർണ്ണമായ ഒരു പകൽ മുഴുവൻ നീണ്ടു നിന്ന പരിപാടി അസോസിയേഷൻ അഡ്‌വൈസർ കരീം ബാഖവിയുടെ പ്രാർത്ഥന യോടെയാണ് തുടക്കമായത്.
അസോസിയേഷൻ ജനറൽ സെക്രട്ടറി മനയത്ത് മുഹമ്മദ്‌ യൂസുഫ് സ്വാഗതം പറഞ്ഞ അനുസ്മരണത്തിൽ പ്രസിഡന്റ് ടി എ ഹംസ ഹാജി അധ്യക്ഷത വഹിച്ചു.
അബ്ദുൾകരീം ഹാജിയുടെ വേർപാടിന്റെ ദുഃഖം പങ്ക് വെക്കാനും സ്മരണകൾ അയവിറക്കാനും പൊതു ജീവിതത്തിൽ അദ്ദേഹത്തെ അനുധാവനം ചെയ്തവർ ഒത്തു കൂടിയപ്പോൾ അത് വേറിട്ട ഒരു അനുഭവമായി. പ്രത്യേകിച്ചു നിലവിലെ ദുഷ്‌കരമായ സാഹചര്യങ്ങൾ നിലനിൽക്കെ ഒരു സാധാരണ അനുസ്മരണ യോഗത്തെക്കാൾ പങ്കാളിത്തം ഉണ്ടാക്കിയെടുക്കാനും സാധിച്ചു. സുഹൃത്തുക്കൾ. കച്ചവട പങ്കാളികൾ, തൊഴിലാളികൾ, സഹപ്രവർത്തകർ, നാട്ടുകാർ തുടങ്ങി നാനാതുറകളിലുള്ളവർ യോഗത്തിൽ പങ്കെടുത്തു.
തൃശ്ശൂർ എം പി ടി എൻ പ്രതാപൻ, ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽ ഖാദർ, അസോസിയേഷൻ കോർഡിനേഷൻ ചെയർമാൻ ഇ പി മൂസഹാജി, ഇ പി സുലൈമാൻ ഹാജി, ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എൻ കെ അക്ബർ, അസോസിയേഷൻ ദുബായ് പ്രസിഡന്റ് നജ്മുദ്ദീൻ, നാസിർ ഫൈസി, ഉസ്മാൻ സഖാഫി, സൗദി പ്രധിനിധി മുസ്തഫ ബിയൂസ് തുടങ്ങി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.