ചക്കംകണ്ടം പ്ലാന്‍റ് നവീകരണത്തിന് 55 ലക്ഷം രൂപയുടെ ഭരണാനുമതി – പ്ലാന്‍റിലേക്ക് വാഹനത്തിൽ മാലിന്യം എത്തിക്കാൻ തീരുമാനമില്ലെന്ന് എം.എല്‍.എ

ചാവക്കാട് : ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് മാത്രമായി വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീറുടെ നേതൃത്വത്തില്‍ പ്രത്യേകം സെക്ഷന്‍ ആരംഭിക്കുവാനും ചക്കംകണ്ടത്തെ പ്ലാന്‍റില്‍ നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയിലും വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ശ്രീ പ്രദീപ് വി.കെയുടെ സാന്നിദ്ധ്യത്തിലും ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ചേർന്ന ഉന്നത തലയോഗത്തിൽ തീരുമാനമായി. അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍വ്വഹണത്തിന് പ്രത്യേക സെക്ഷന്‍ നിലവിലില്ലാത്തതിനാലും ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഡിവിഷനിലെ അസി.എഞ്ചിനീയര്‍ക്ക് ചുമതല ഏല്‍പ്പിച്ചതിനാലും ജോലിയുടെ ബാഹുല്യം നിമിത്തം കാര്യക്ഷമമായി മോണിറ്ററിംഗ് നടത്തുന്നതിന് പ്രയാസം നേരിടുന്നതായി യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ സീവറേജ് പദ്ധതിക്ക് മാത്രമായി അസി.എഞ്ചിനീയറുടെ നേതൃത്വത്തില്‍ പ്രത്യേക സെക്ഷന്‍ രൂപീകരിക്കുന്നതിന് ഉന്നതതല യോഗം സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കി.

നിലവില്‍ ചക്കംകണ്ടത്ത് പ്രവര്‍ത്തിക്കുന്ന പ്ലാന്‍റിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പമ്പിംഗ് മെയിനിലെ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. പ്ലാന്‍റ് നവീകരണത്തിനായി 55 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. 2 കോടിയോളം രൂപ അഴുക്കുചാല്‍ പദ്ധതിയുടെ നവീകരണത്തിനായി വേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. മേല്‍ തുക സര്‍ക്കാര്‍ ഫണ്ടായും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും കണ്ടെത്തുന്നതിന് യോഗത്തില്‍ ധാരണയായി. ഗുരുവായൂര്‍ നഗരത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള പൈപ്പ് ലൈനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലേക്ക് കൂടി സീവറേജ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള വിശദമായ പ്ലാൻ എത്രയും വേഗം തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ പി.പി.ഡി & സീവറേജ് വിഭാഗത്തിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ചക്കംകണ്ടം പ്ലാന്‍റിലേക്ക് വാഹനം മുഖേന നേരിട്ട് മാലിന്യം എത്തിക്കുന്നതിനുള്ള യാതൊരു പദ്ധതിയും നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എം.എല്‍.എ യോഗത്തെ അറിയിച്ചു. ആഗസ്റ്റ് മാസത്തില്‍ നിര്‍വ്വഹണ പുരോഗതി യോഗം ചേരുന്നതിന് യോഗത്തില്‍ തീരുമാനമായി. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍
എം.കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഗുരുവായൂര്‍ നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എം ഷഫീര്‍, ഗുരുവായൂര്‍ നഗരസഭ വാര്‍ഡ് കൌണ്‍സിലര്‍ നൌഫല്‍, ചാവക്കാട് നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന, വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ സുരേഷ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചീനിയീര്‍മാരായ പി എ സുമ, പി ഷൈജു തടത്തില്‍, വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍മാരായ രേഖ പി നായര്‍, വിജു മോഹന്‍, നഗരസഭ സെക്രട്ടറി അഭിലാഷ്, വാട്ടര്‍ അതോറിറ്റിയിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും എഞ്ചിനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments are closed.