mehandi new

യുഡിഎഫ് സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു: തൊഴില്‍ കാത്തിരിക്കുന്നത് 60 ലക്ഷം യുവാക്കള്‍

fairy tale

ഗുരുവായൂര്‍: നിയമന നിരോധനത്തിലൂടെ യുഡിഎഫ് സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും യുവാക്കളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് എഐഎസ്എഫ് ദേശീയ സെക്രട്ടറി കെ പി സന്ദീപ്. രോഹിത് വെമുല നഗറില്‍ എഐവൈഎഫ് ഗുരുവായൂര്‍ മുന്‍സിപ്പല്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ കൊടുക്കുക എന്നത് ഭരണാധികാരികളുടെ ബാദ്ധ്യതയാണ്. തൊഴില്‍ നല്‍കേണ്ട ഭരണാധികാരികള്‍ നിയമന നിരോധനമാണ് നടപ്പിലാക്കിയത്. പിഎസ്‌സി പരീക്ഷകള്‍ നടത്താതെയും നിയമനങ്ങള്‍ നിരോധിച്ചും സര്‍ക്കാരുകള്‍ യുവാക്കളെ വഞ്ചിച്ചു. ചെറുപ്പക്കാര്‍ക്ക് ശുഭകരമായ തീരുമാനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നുകളുടെ ഉപഭോഗം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു. മയക്കുമരുന്നു മാഫിയക്കെതിരെ ശക്തമായ നിലപാടുകള്‍ എടുക്കേണ്ടതുണ്ടെന്നും സമൂഹത്തിലെ മറ്റൊരു വിപത്താണ് ജതി-മത-സമുദായിക ശക്തികളുടെ ഇടപെടലുകളെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എന്‍ വി ബൈജു അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്‌സി. അംഗം കെ കെ സുധീരന്‍, മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, ലോക്കല്‍ സെക്രട്ടറി കെ എ ജേക്കബ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി എന്‍ പി നാസര്‍, മഹിളാ സംഘം മണ്ഡലം സെക്രട്ടറി ഗീതാ രാജന്‍, എഐവൈഎഫ് നേതാക്കളായ എം എ സന്തോഷ്, എന്‍ ജി ബോസ്, എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷനു മോഹന്‍ (പ്രസിഡണ്ട്), ബാലഗോപാലന്‍ ടി (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

Royal footwear

Comments are closed.