അണ്ടത്തോട് : സി എ എ അനുകൂല പ്രചാരണവുമായി വടക്കേകാട് ജനമൈത്രി പോലീസ് വീടുകളിൽ എത്തുന്നതായി ആരോപണം.
അണ്ടത്തോട് നാക്കോല മേഖലയിൽ ഇന്നലെയാണ് സംഭവം. വടക്കേകാട് സ്റ്റേഷനിൽ നിന്നാണെന്നും പറഞ്ഞു സിവിൽ ഡ്രസ്സിൽ എത്തിയ പോലീസുകാരാണ് വീടുകളിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചത്. ജനമൈത്രി പോലീസിൽ നിന്നും വിവരശേഖരണത്തിനായി വന്നതാണെന്ന് പറഞ്ഞാണ് ഗൃഹനാഥനുമായി സംസാരിച്ചു തുടങ്ങിയതെങ്കിലും പിന്നീട് അത് സി എ എ അനുകൂല വാദമായി മാറുകയായിരുന്നു.
കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന അണ്ടത്തോട് നാക്കോല കണക്കപ്പറമ്പിൽ റഖീബ്, അണ്ടത്തോട് പാലത്തിനു സമീപം താമസിക്കുന്ന പൂഴിക്കുന്നത്ത് ഷഫീഖ് എന്നിവരുടെ വീടുകളിലെത്തിയ പോലീസുകാരാണ് സി എ എ അനുകൂല വിശദീകരണങ്ങൾ നടത്തിയത്. പരിസരത്തുള്ള വീടുകളിലും ഇവർ കയറിയിരുന്നതായി റഖീബും ഷഫീഖും പറഞ്ഞു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് പോലീസുകാർ അണ്ടത്തോട് മേഖലയിലെ വീടുകളിൽ എത്തിയത്. രണ്ടു പോലീസുകാരിൽ ഒരാൾ യൂണിഫോമിലും മറ്റൊരാൾ സിവിൽ ഡ്രസ്സിലുമാണ് ഉണ്ടായിരുന്നത്.
ജനമൈത്രി പോലീസിന്റെ ഭാഗമായുള്ള വിവരശേഖരണ മാണെന്നും നാട്ടുകാരുടെ സുരക്ഷക്ക് വേണ്ടിയാണെന്നും പേടിക്കാൻ ഒന്നുമില്ലെന്നും പറഞ്ഞാണ് യൂണിഫോമിലുള്ള പോലീസുകാരൻ വീട്ടുകാരുമായി സംസാരിക്കുന്നത്. എന്നാൽ സിവിൽ ഡ്രസ്സിലുള്ള പോലീസുകാരൻ സി എ എ അനുകൂല ക്ളാസ്സെടുക്കുകയും എതിർക്കുന്നവരോട് കയർത്തു സംസാരിക്കുകയും ചെയ്യുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. നാട്ടുകാരിൽ ചിലർ മേലുദ്യോഗസ്ഥർക്ക് വിളിക്കുകയും വീടുകളിൽ എത്തുന്നത് വടക്കേകാട് പോലീസ് തന്നെയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സി എ എ അനുകൂല പ്രചാരണത്തെ കുറിച്ച് സൂചിപ്പിച്ചപ്പോൾ അന്വേഷിക്കാം എന്നും പറഞ്ഞ് ഫോൺ വെക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.