Header

അമൃത് പദ്ധതിയില്‍ നടപ്പാക്കുന്നത് 335.53 കോടിയുടെ പ്രവര്‍ത്തനങ്ങള്‍

ഗുരുവായൂര്‍ : അമൃത് പദ്ധതിയില്‍ നടപ്പാക്കുന്നതിനായി നഗരസഭ തയ്യാറാക്കിയ 335.53 കോടിയുടെ കരട് പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. പദ്ധതികള്‍ ഈ മാസം 20ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കും. കഴിഞ്ഞ വര്‍ഷം നഗരസഭ 286 കോടിയുടെ പദ്ധതികളാണ് സമര്‍പിച്ചതെങ്കിലും 41.76 കോടിയുടെ പദ്ധതികള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. ഇതുവരെയായിട്ടും ഒരു ലക്ഷം രൂപ മാത്രമെ അമൃത് ഇനത്തില്‍ നഗരസഭക്ക് ലഭിച്ചിട്ടുള്ളു. പദ്ധതികളെ കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിശദമായ പദ്ധതി തയ്യാറാക്കിയ ശേഷം പ്രത്യേക കൗണ്‍സില്‍ വിളിക്കാമെന്ന് നഗരസഭാധ്യക്ഷ പ്രഫ.പി.കെ. ശാന്തകുമാരി ഉറപ്പ് നല്‍കി. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം ഗ്രീന്‍ ബെല്‍റ്റിനായി നാല് ഏക്കര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി സമിതിയെ തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനെ കൗണ്‍സിലര്‍ എ.ടി.ഹംസ എതിര്‍ത്തെങ്കിലും അടിയന്തിരമായി സ്ഥലം ഏറ്റെടുത്ത് അനിശ്ചിതാവസ്ഥ ഒഴിവാക്കണം എന്നായിരുന്നു ഭരണപക്ഷത്തെ നിലപാട്. വലിയ തോടിന് മുകളില്‍ പാര്‍ക്കിങിനായി നിര്‍മിച്ച അനധികൃത സ്ലാബുകള്‍ പൊളിച്ചു നീക്കും. ബസ്സ്റ്റാന്‍ഡില്‍ നിന്ന് കിഴക്കെനടയിലേക്കുള്ള നടപ്പാതയില്‍  വാഹനങ്ങള്‍ കയറുന്നത് ഒഴിവാക്കും. ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

Comments are closed.