പാലയൂര്‍ : നന്മ പാലയൂര്‍ സ്ഥാപിച്ച ലഹരി വിരുദ്ധ ഫ്ലക്സ് ബോര്‍ഡുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ലഹരി വിമുക്ത പാലയൂർ കാമ്പയിന്റെ ഭാഗമായി മദ്യത്തിന്റെയും, മയക്കുമരുന്ന് ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങൾ ബോധവല്‍ക്കരിക്കുന്നതിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് നശിപ്പിച്ചത്. അക്രമികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നന്മ നേതൃത്വം ചാവക്കാട് പോലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണ് ബോർഡുകൾ നശിപ്പിച്ചത്. ലഹരി ഉപയോഗം ചാവക്കാട് മേഖലയിൽ വർധിച്ച സാഹചര്യത്തിലാണ് നഗരസഭയിലെ മൂന്നു വാർഡുകളിലെ 1500 കുടുംബങ്ങൾ കേന്ദ്രികരിച്ച് നന്മ പ്രവർത്തകർ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചത്.
പ്രവര്‍ത്തകരെ സ്ക്വാഡുകളായി തിരിച്ച് വീടുകള്‍ സന്ദർശിച്ച് ലഘുലേഖകള്‍ നല്‍കി ബോധവല്‍ക്കരണം നടത്തിയിരുന്നു. തുടർന്ന് സ്ഥാപിച്ച ബോർഡുകളാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചാവക്കാട് പോലീസിന്റെയും, എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ നടക്കുന്നത്.
ലഹരി ലോബിയുമായി ബന്ധപ്പെട്ടവർ തന്നെയാണ് ബോർഡ് നശിപ്പിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്നും ഇവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നന്മ പാലയൂർ കൺവീനർ നൗഷാദ് തെക്കുംപുറം, സി എം മുജീബ്, അനീഷ് പാലയൂർ, പി പി അബ്ദുൾ സലാം,
സി എം ജനീഷ്, കെ വി അമീർ എന്നിവർ ആവശ്യപ്പെട്ടു.
എ എസ് ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തില്‍ ചാവക്കാട് പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു.
നശിപ്പിച്ച ബോര്‍ഡുകള്‍ മാറ്റി തത്സ്ഥാനത്ത് നന്മ പ്രവര്‍ത്തകര്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു.