ചാവക്കാട്: തീരദേശത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ വേറിട്ട ബോധവത്ക്കരണ പരിപാടിയുമായി ചാവക്കാട് നഗരസഭയും എക്‌സൈസും കൈകോര്‍ക്കുന്നു. ലഹരിവിമുക്ത ചാവക്കാട് എന്ന ലക്ഷ്യത്തിനായി നഗരസഭയിലെ എല്ലാ വീടുകളിലും ലഹരിവിരുദ്ധ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച നഗരസഭയില്‍ തുടക്കമായി. ലഹരി വര്‍ജ്ജിക്കു ജീവിതം ആസ്വദിക്കൂ, ജീവിതമാണ് ലഹരി, കുടുംബമാണ് ആനന്ദം എന്നീ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റിക്കറാണ് പതിക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന മിഷന്‍ പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണ് വീടുകളില്‍ സ്റ്റിക്കര്‍ പതിക്കല്‍ ആരംഭിച്ചത്. ചാവക്കാട് താലൂക്ക് ആസ്പത്രിക്ക് സമീപത്തെ ചിറ്റാട സേതുമാധവന്റെ വീട്ടില്‍ സ്റ്റിക്കര്‍ പതിച്ച് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത്. നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സന്‍ പ്രീജ ദേവദാസിന് വീടുകളില്‍ പതിക്കാനുള്ള സ്റ്റിക്കറുകള്‍ ചെയര്‍മാന്‍ ചടങ്ങില്‍ കൈമാറി.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.എ. മഹേന്ദ്രന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ എ.സി. ആനന്ദന്‍, എം.ബി. രാജലക്ഷ്മി, എക്‌സൈസ് സി.ഐ. കെ. പ്രദീപ്കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടിആര്‍ ഹരിനന്ദനന്‍, വാര്‍ഡ് കൗസിലര്‍ ബുഷറ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അനീസ് മുഹമ്മദ്, ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.