ചാവക്കാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഉത്സവം കണ്ട് മടങ്ങുകയായിരുന്ന കുരഞ്ഞിയൂർ സ്വദേശി കൊട്ടിലിങ്ങൽ ഷുഹൈബി (29)നെയാണ് ഒരു സംഘം ആക്രമിച്ചത്. ഇരുമ്പുപൈപ്പുകൊണ്ടുള്ള അടിയിൽ തലയ്ക്കു പരിക്കേറ്റ ഷുഹൈബിനെ ചാവക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിനു പിന്നിൽ സി.പി.എം. പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിനിടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സി പി എം പ്രവർത്തകർ ആക്രമണം നടത്തിയെന്നും, പ്രത്യാക്രമണത്തിൽ സി പി എം പ്രവർത്തകർ പരിസരത്തെ വീട്ടിലേക്കു ഓടിക്കയറിയെന്നും ഗുരുവായൂർ പോലീസെത്തി പത്തനംതിട്ട സ്വദേശികളായ നാലുപേരെ മാരകായുധങ്ങളുമായി കസ്റ്റഡിയിൽ എടുത്തെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവകാശപ്പെട്ടു.
കുരഞ്ഞിയൂരിലുള്ള യുവാവിനെ ആക്രമിക്കാനെത്തിയ സംഘമാണ് ഇവരെന്ന് കോണ്ഗ്രസ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ പുന്നയൂരിൽ സിപിഎമ്മിന്റെ സോഷ്യൽ ഡവലപ്മെന്റ് ഓഫീസറായി പ്രവർത്തിക്കുന്ന പത്തനംതിട്ട സ്വദേശിയുടെ സുഹൃത്തുക്കളാണ് ഇവരെന്നും സന്ദർശനത്തിന് എത്തിയതാണെന്നും ആയുധങ്ങളൊന്നും ഇല്ലായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
വീട്ടിൽ കയറി വിരുന്നുകാരെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടി വിവാദമായി.