കുന്നംകുളം : വൈശ്ശേരി സെന്‍ററില്‍ ചൊവ്വാഴ്ച രാത്രി വ്യാപാരിയെ ഇടിച്ചു വീഴ്ത്തി കാറിലുണ്ടായിരുന്ന ആറര ലക്ഷം രൂപ കവര്‍ന്നു. വലിയങ്ങാടി മണക്കുളം റോഡില്‍ താമസിക്കുന്ന പുലിക്കോട്ടില്‍ ഗാരി വര്‍ഗീസ് (45)ആണ് അക്രമത്തിനിരയായത്. കുരിശുപള്ളിയില്‍ നേര്‍ച്ചയിടാന്‍വേണ്ടി രാത്രി 11.15-ന് കാര്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. പോലീസിന്റെ നേതൃത്വത്തില്‍ പെങ്ങാമുക്ക് സെന്റര്‍ വരെ അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
വൈശ്ശേരിയിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിതരണസ്ഥാപനത്തില്‍നിന്ന് വീട്ടിലേക്ക് വരികയായിരുന്നു ഗാരി. വൈശ്ശേരി സെന്ററിലെ കുരിശുപള്ളിക്ക് സമീപം കാര്‍ നിര്‍ത്തി നേര്‍ച്ചയിട്ട് തിരിയുമ്പോഴായിരുന്നു അക്രമം. പിന്നില്‍നിന്ന് എത്തിയയാള്‍ എന്തിനാണ് തന്നെ പിന്തുടരുന്നതെന്ന് ചോദിച്ചാണ് ഇടിച്ചുവീഴ്ത്തിയതെന്ന് ഗാരി പറഞ്ഞു. റോഡില്‍വീണ ഗാരി എഴുന്നേറ്റ് കാറിലെത്തിയപ്പോള്‍ ഇടതുഭാഗത്തെ സീറ്റില്‍ വെച്ചിരുന്ന പണം അടങ്ങിയ ബാഗ് ഉണ്ടായിരുന്നില്ല. ബൈക്കിലെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
വൈശ്ശേരിയില്‍നിന്ന് ചെറുവത്താനി ഭാഗത്തേക്കാണ് ഇവര്‍ പോയതെന്ന് ഗാരി പറഞ്ഞു. കാറില്‍ കുറച്ചുദൂരം പോയെങ്കിലും ആരെയും കണ്ടില്ല. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇടതുതോളിന്റെ ഭാഗത്ത് ക്ഷതമേറ്റ ഗാരിയെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാപാരാവശ്യത്തിന് ബുധനാഴ്ച മറ്റൊരാള്‍ക്ക് നല്‍കാനുള്ള പണമാണ് കാറിലുണ്ടായിരുന്നത്. സാധാരണ ദിവസങ്ങളില്‍ പണം ബാങ്കില്‍ അടയ്ക്കാറുള്ളതാണ്. മാനേജര്‍ക്ക് തിരക്കായതിനാല്‍ പണം കൈവശം സൂക്ഷിക്കുകയായിരുന്നെന്ന് ഗാരി പറഞ്ഞു. എസ്.ഐ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.