ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലു വില : ആനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ക്ക് വിലക്ക് പിന്‍വലിച്ചില്ല
ഗുരുവായൂര്‍ : ആനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തിന് പുല്ലു വില. നിര്‍ദ്ദേശം വന്ന് മൂന്നു മാസം കഴിഞ്ഞിട്ടും നിരോധനം പിന്‍വലിക്കാന്‍ ദേവസ്വം തയ്യറായിട്ടില്ല. ഒരു വര്‍ഷം മുന്‍പാണ് ഗുരുവായൂര്‍ ആനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ കാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സന്ദര്‍ശകര്‍ ആനകളുടെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് അപകട സാധ്യത വര്‍ദ്ദിപ്പിക്കുന്നുവെന്ന കാരണം നിരത്തിയാണ് സന്ദര്‍ശകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിന്റെ ഭാഗമായി മൊബൈല്‍ഫോണ്‍ അകത്തേക്ക് കൊണ്ടു പോകാന്‍ അനുവദിച്ചിരുന്നില്ല. സന്ദര്‍ശകരുടെ കാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിദേശീയരടക്കമുള്ളവര്‍ ദേവസ്വത്തെ അതൃപ്തി അറിയിക്കുകയും വ്യാപക പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിലക്ക് നില നില്‍ക്കുമ്പോഴും വി.ഐ.പി കളും ദേവസ്വം ജീവനക്കാരും നിര്‍ബാധം ആനത്താവളത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഗുരുവായൂരിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ അവധിക്കാലത്ത് കുടുംബ സമേതം പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുടെ സഹായത്തോടെ ആനകള്‍ക്കൊപ്പം എടുത്ത ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നിരുന്നു.മൊബൈല്‍ ഫോണ്‍ അടക്കമുള്ള കാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് മൂലം സന്ദര്‍ശകരുടെ വരവില്‍ ഗണ്യമായ കുറവും ഉണ്ടായിരുന്നു. കാമറഉപയോഗിക്കുതിന് ചെറിയ തുക ദേവസ്വം ഈടാക്കിയിരുന്നു. സന്ദര്‍ശകരുടെ വരവ് കുറഞ്ഞതും കാമറ ഉപയോഗിക്കുന്നത് വഴി പണം ലഭിച്ചിരുന്നത് നിലക്കുകയും ചെയ്തതോടെ ഈയിനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ദേവസ്വത്തിന് വന്നു ചേര്‍ന്നിട്ടുള്ളത്. കേരളത്തിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ആനത്താവളത്തില്‍ സന്ദര്‍ശകരുടെ കാമറകള്‍ക്ക് വിലക്കിനെതിരെ പ്രതിഷേധം കടുക്കുകയും വരുമാന നഷ്ടം സംഭവിക്കുയും ചെയതതോടെ വിലക്കിന് അയവുവന്നു. സന്ദര്‍ശകര്‍ കാമറ ഉപയോഗിച്ചാലും യാതൊരു കാരണവശാലും മാധ്യമപ്രവര്‍ത്തകരെ കയറ്റി വിടിലില്ലെന്ന നിലപാടാണിപ്പോള്‍. ആനത്താവളത്തില്‍ ആനവാല്‍ വില്‍പ്പനയുടെ ദൃശ്യ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത വതിന്റെ തൊട്ടു പുറകെയാണ് കാമറകള്‍ക്ക് വിലക്ക് വന്നത്. ആനകളുടെ പീഡന കഥ പുറം ലോകം അറിയാതിരിക്കാനാണ് ഈ വിലക്കെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തടര്‍ന്നാണ് സുഖ ചികിത്സയുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ ജലൈ ഒന്നിന് ആനത്താവളത്തിലെത്തിയ ദേവസ്വം വകുപ്പ് മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ കാമറകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിരോധനം പിന്‍വലിച്ചാല്‍ ദൃശ്യം സഹിതമുള്ള പീഡനകഥ പുറത്തറിയുമെന്ന ഭയമാണ് നിരോധനം പിന്‍വലിക്കാതിരിക്കാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്.
Comments are closed.